സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവനില്‍ മാറിനിന്ന് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: അഞ്ചാം മന്ത്രിയുടെ സ്ഥാനാരാഹോണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാറില്‍ നിര്‍ണ്ണായകമായ വകുപ്പ് മാറ്റം. ആഭ്യന്തരവകുപ്പ് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് തിരുവഞ്ചൂരിന് നല്‍കിയതാണ് ഏറ്റവും സുപ്രധാനമായ വകുപ്പു മാറ്റം. ആര്യാടന് വൈദ്യുതി നിലനിര്‍ത്തി ഗതാഗതം അധികമായി നല്‍കി. നേരത്തെ തിരുവഞ്ചൂര്‍ വഹിച്ചിരുന്ന റവന്യൂ വകുപ്പ് അടൂര്‍ പ്രകാശിനും ആരോഗ്യം വി.എസ് ശിവകുമാറിനും നല്‍കി. അനൂപ് ജേക്കബിന് സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പുകളും മഞ്ഞളാംകുഴി അലിക്ക് നഗരകാര്യവും ടൗണ്‍പ്ലാനിങ്ങും ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുമാണ് നല്‍കിയിട്ടുള്ളത്.

ആഭ്യന്തരകാര്യം ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് തിരുവഞ്ചൂരിന് നല്‍കിയതോടെ അഞ്ചാം മന്ത്രിക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ എന്‍.എസ്.എസിനെ മയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്‍.എസ്.എസുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ് തിരുവഞ്ചൂര്‍. ഗ്രൂപ്പ് സമവാക്യം കൂടി പരിഗണിച്ചാണ് വകുപ്പുമാറ്റമുണ്ടായിരിക്കുന്നത്.

സത്യപ്രതിജ്ഞക്ക് മുമ്പ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മന്ത്രിമാരായ മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും

എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റം ചെപ്പടി വിദ്യയാണെന്നും ഇതുകൊണ്ടൊന്നും ഭൂരിപക്ഷ സമുദായത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് കരുതേണ്ടെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ്. നേരത്തെ എന്‍.എസ്.എസ് വിമര്‍ശനം നേരിടാന്‍ മുഖ്യമന്ത്രി നിയോഗിച്ചത് തിരുവഞ്ചൂരിനെയാണ്. അദ്ദേഹം പറഞ്ഞത് അഞ്ചാം മന്ത്രി സമുദായ സന്തുലിതാവസ്ഥ തകര്‍ക്കില്ലെന്നാണ്. അപ്പോള്‍പ്പിന്നെ തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയതില്‍ വലിയ കാര്യമൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.