എഡിറ്റര്‍
എഡിറ്റര്‍
ബല്‍റാമിന്റെ പദപ്രയോഗം സംസ്‌കാരത്തിന് നിരക്കാത്തതെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 18th March 2014 5:10pm

oommenchandy-4

കൊച്ചി: ഇടുക്കി ബിഷപ്പിനെതിരായ വി.ടി ബല്‍റാം എംഎല്‍എ യുടെ നികൃഷ്ടജീവി പ്രയോഗം കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് നിരക്കാത്തെതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോണ്‍ഗ്രസിന്റേത് സഹിഷ്ണുതയുടെ സംസ്‌കാരമാണ്. അതുകൊണ്ടാണ് ബല്‍റാമിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് തോല്‍ക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വംതനിക്കായിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിഷപ്പിനെതിരെയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനകത്ത് തന്നെ നിരവധി വിമര്‍ശനങ്ങളാണ് ബല്‍റാം നേരിട്ടിരുന്നത്.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടാല്‍ അതിനുത്തരവാദി ബല്‍റാം ആണെന്നും ബല്‍റാം ഭസ്മാസുരനാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പരാമര്‍ശമുയര്‍ന്നിരുന്നു.

ബല്‍റാമിന്റെ പരാമര്‍ശം അനവസരത്തിലായിരുന്നെന്നും ഇടുക്കി രൂപതയുമായി കോണ്‍ഗ്രസിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡീന്‍ പ്രതികരിച്ചിരുന്നു.

പാര്‍ട്ടിക്കകത്തു നിന്നു തന്നെ സമ്മര്‍ദ്ദമായതോടെ തന്റെ പരാമര്‍ശത്തില്‍ ബല്‍റാം കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ ബിഷപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇടുക്കി ബിഷപ്പിനെ വി.ടി ബല്‍റാം നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ചത്.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

Advertisement