എഡിറ്റര്‍
എഡിറ്റര്‍
സാമൂഹികനീതി ഉറപ്പുവരുത്തി തീവ്രവാദത്തെ ചെറുക്കും: മുഖ്യമന്ത്രി
എഡിറ്റര്‍
Friday 30th March 2012 6:55pm

തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാമൂഹിക നീതി ഉറപ്പുവരുത്തുന്നതില്‍  സര്‍ക്കാര്‍ പരാജയപ്പെട്ടത് കാരണമാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുണ്ടാവുന്നതെന്നും സാമൂഹിക നീതി ഉറപ്പുവരുത്തി തീവ്രവാദത്തെ ചെറുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി .പോലീസ് ആസ്ഥാനത്തെ അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസ്ഥാന പോലീസിന്റെ ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

‘സാമൂഹികനീതി ഉറപ്പുവരുത്തിയാല്‍ തീവ്രവാദത്തെ ഒരു പരിധിവരെ ചെറുക്കാന്‍ കഴിയും. എല്ലാ വിഭാഗത്തിലും എല്ലാ പ്രദേശത്തുമുള്ള ജനങ്ങള്‍ക്ക്  സാമൂഹികനീതി ഉറപ്പുവരുത്തിയാല്‍ സമുദായ സംഘര്‍ഷങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും വലിയതോതില്‍ തടയാന്‍ കഴിയും. ഇത് പോലീസിന്റെ മാത്രം ഉത്തരവാദിത്തമല്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പിന്നാക്കപ്രദേശങ്ങളിലും അടിസ്ഥാനസൗകര്യമില്ലാത്ത കോളനികളിലും തീരപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും വികസനത്തിന് പ്രത്യേക പരിഗണന നല്‍കും. വാടക ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളെയും അടിച്ചമര്‍ത്തുക തന്നെ ചെയ്യും’ -മുഖ്യമന്ത്രി പറഞ്ഞു.

സമൂഹം ഭയാശങ്കയോടെ കാണുന്ന കുറ്റകൃത്യങ്ങള്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ വിചാരണ ചെയ്ത് ആറുമാസത്തിനകം കുറ്റവാളികളെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമല, ആറ്റുകാല്‍ പൊങ്കാല, തൃശ്ശൂര്‍ പൂരം തുടങ്ങിയ അവസരങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് പോലീസ് സേന നല്‍കിയത്. പുല്‍മേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കാനും തീര്‍ത്ഥാടനകാലം ഭംഗിയായി കൊണ്ടുപോകാനും പോലീസിന്റെ വലിയ സഹായമുണ്ടായി.

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ പോലീസിനു കഴിഞ്ഞു. നയതന്ത്രപ്രാധാന്യമുള്ള സംഭവത്തില്‍ കേരളപോലീസ് നടത്തിയ ഇടപെടല്‍ ദേശീയതലത്തില്‍ തന്നെ പ്രശംസ നേടിയെന്ന്  മുഖ്യമന്ത്രി പറഞ്ഞു. തീരെ അപരിചിതമായ ഒരു സാഹചര്യത്തിലും മികവോടെ പ്രവര്‍ത്തിക്കാന്‍ പോലീസിനു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളെ ഇടിച്ച കപ്പല്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനും ഇവിടേക്കു കൊണ്ടുവരാനായതും വലിയ നേട്ടമാണ്. ദിനംപ്രതി ഒരു ലക്ഷത്തിലധികം ആളുകള്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന നമ്മുടെ നാട്ടില്‍ പോലീസ് നടത്തിയ ഇടപെടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആത്മവിശാസം നല്‍കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട റോഡുകളിലെ അമിത വേഗതയും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും കാരണം റോഡപകടങ്ങള്‍ വര്‍ധിക്കുന്ന കാര്യം ആശങ്കയുളവാക്കുന്നതാണ്. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ തുകയും തസ്തികകളും  അനുവദിക്കും. ഇക്കാര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ പോയ വര്‍ഷം മികവുറ്റ പ്രവര്‍ത്തനമാണ് പോലീസ് സേന കാഴ്ചവെച്ചതെന്ന് ആമുഖ അവതരണത്തില്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടി. നാല് രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഈ ദശകത്തിലെ തന്നെ ഏറ്റവും കുറവാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞു.

അവിവാഹിതരായ അമ്മമാരുടെ കാര്യത്തില്‍ അതിക്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു. പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷ ഉറപ്പാക്കാന്‍ 233 തസ്തികകള്‍ സൃഷ്ടിക്കുകയും ക്യാമറ നിരീക്ഷണസംവിധാനമേര്‍പ്പെടുത്തുകയും ചെയ്തു.1926 സ്‌കൂള്‍ സുരക്ഷാ ഗ്രൂപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 70 കമ്മ്യൂണിറ്റി പോലീസ് റിസോഴ്‌സ് സെന്ററുകള്‍ അടുത്തു തന്നെ പൂര്‍ത്തിയാകും. ജനമൈത്രി പോലീസിങ്, സ്റ്റുഡന്റ് പോലീസ് എന്നിവ കൂടുതല്‍ വ്യാപകമാക്കാന്‍ സാധിച്ചു.

നാര്‍ക്കോ അനലിസിസ് ലാബ് സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ഡി.ജി.പി. പറഞ്ഞു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ അഡ്വാന്‍സ്ഡ്  റിസര്‍വേഷന്‍ സംവിധാനം വഴി അടുത്ത വര്‍ഷം 25 ശതമാനം മുന്‍കൂര്‍ റിസര്‍വേഷന്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 3110  ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1631 പേര്‍ ഇപ്പോള്‍ പരിശീലനത്തിലുണ്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ 3261 പേരെയാണ് സേനയിലേക്കെടുത്തത്. വിവിധ തലങ്ങളില്‍ എണ്ണായിരം പേരെ സേനയിലേക്ക് എടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം വഴി പരാതി രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

അറുപതാമത് ആള്‍ ഇന്ത്യാ പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും ആര്യ വധക്കേസ് സമര്‍ത്ഥമായി അന്വേഷിച്ച വെഞ്ഞാറമൂട് സി.ഐ കെ.ആര്‍.ബിജുവിനുള്ള ഉപഹാരവും മുഖ്യമന്ത്രി വിതരണം ചെയ്തു. ഉന്നത പോലീസുദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ അടങ്ങിയ കണക്ടിവിറ്റി പേജസും റോഡ് സേഫ്റ്റി സിഗ്നേച്ചര്‍ ട്യൂണും മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍  പങ്കെടുത്തു.

Malayalam News

Kerala News in English

Advertisement