Categories

ഉമ്മന്‍ചാണ്ടി വാക്കിന് വിലയില്ലാത്തയാള്‍, ഇനി മന്ത്രിസഭയിലേക്കില്ല: ബാലകൃഷ്ണപിള്ള

balakrishnappilla

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കിന് വിലയില്ലാത്തയാളാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള.

തങ്ങള്‍ ഇനി ഈ മന്ത്രിസഭയിലേക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മന്ത്രിസഭയിലേക്കില്ല എന്ന തീരുമാനം ഗതികേടിലെടുത്തതാണോയെന്ന് പിന്നെ പറയാം. ആരെയും പിണക്കാതെ നോക്കിയതാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഈ തീരുമാനം ഭാവിയില്‍ വലിയ പൊട്ടിത്തെറികള്‍ സൃഷ്ടിയ്ക്കും. എല്ലാവിധ പ്രതിഷേധങ്ങളുമായി തങ്ങള്‍ മുന്നോട്ടു പോകും- ബാലകൃഷ്ണപിള്ള പറഞ്ഞു.

ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.

തങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരുന്ന വകുപ്പെടുത്ത് മറ്റൊരാള്‍ക്ക് നല്‍കുമ്പോള്‍ തങ്ങളോട് ചോദിക്കണ്ടേ, ഉമ്മന്‍ചാണ്ടിയോട് ചോദിച്ചപ്പോള്‍ ‘അങ്ങനെ… ഇങ്ങനെ…’ എന്നൊക്കെയായിരുന്നു മറുപടി.

അല്ലെങ്കിലും ഉമ്മന്‍ചാണ്ടി നേരേ ചൊവ്വേ മറുപടി പറയാറില്ലല്ലോ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിശാലമായി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭ തന്നെ കാണുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ പോക്ക് തുടര്‍ന്നാല്‍ യു.ഡി.എഫ് വിജയിക്കാന്‍ ബുദ്ധിമുട്ടാണ്.

തങ്ങളുടെ മുന്നണിയിലെ ആരും ഇനി പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ടു ചെയ്യുമെന്ന് കരുതുന്നില്ല. ഗണേശിനെ മന്ത്രിയാക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്നിട്ട് അഞ്ചുമാസം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം പറയാമെന്ന് പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ വാക്ക് ആരെങ്കിലും വിശ്വസിക്കുമോ- ബാലകൃഷ്ണപിള്ള പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയില്‍ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുകയും ഗണേശിന് മന്ത്രിസ്ഥാനം നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.