എഡിറ്റര്‍
എഡിറ്റര്‍
ഞാനെന്തിന് രാജിവെക്കണം: രാധാകൃഷ്ണനുമായുള്ള സംസാരം വ്യക്തിപരം, പുറത്തുപറയില്ലെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Tuesday 18th June 2013 12:54pm

ummenchandi

തിരുവനന്തപുരം: എന്തിന്റെ പേരിലാണ് താന്‍ രാജിവെക്കേണ്ടെതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുട താത്പര്യം ബലികഴിച്ച് സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ തന്റെ ഓഫീസില്‍ നിന്നും പ്രതികളുമായി ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരിലാണോ രാജിവെക്കണമെന്ന് പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
Ads By Google

ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ സോളാര്‍ കമ്പനിക്കായി സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. സോളാറിന്റെ പേരിലുള്ള കേസ് സര്‍ക്കാര്‍ അന്വേഷിക്കാ തിരുന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ പ്രതിയായ സരിതയുമായി സംസാരിച്ചു എന്ന കാര്യം സമഗ്രമായി തന്നെ അന്വേഷിക്കും.

സോളാര്‍ പാനല്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം കൊലക്കേസ് പ്രതിയായിരുന്നില്ല. 25-5-13 ല്‍ ആണ് അദ്ദേഹം കൊലക്കേസ് പ്രതിയാകുന്നത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ കേസ് നടക്കുന്നതേയുണ്ടായിരുന്നുള്ളൂ.

സര്‍ക്കാരിന്റെ നടപടിയില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പ്രതിപക്ഷം ഒരു ഔദാര്യവും ചെയ്യേണ്ട. ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ പറഞ്ഞ് പരത്താന്‍ ശ്രമിക്കുന്നത്.

ഞാന്‍ സരിത എസ് നായര്‍ക്ക് കത്ത് കൊടുത്തു എന്നാണ് പറയുന്നത്. എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്താം എന്ന് കാണിച്ചാണേ്രത കത്ത്. എന്നാല്‍ കത്തെവിടെ, അങ്ങനെയൊരു കത്തില്ല. എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കത്ത് കൊടുക്കേണ്ടത് കെ.എസ്.ഐ.ഡി.സിയില്‍ ആണ് അല്ലാതെ എനിയ്ക്കല്ല.

സോളാര്‍ കമ്പനി എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പിന്നെ അനാവശ്യവിവാദം ഉണ്ടാക്കുന്നത് എന്തിന്റെ പേരിലാണ്. പിന്നെ വിജ്ഞാന്‍ ഭവനില്‍ വെച്ച് ഞാന്‍ സരിതയെ കണ്ടെന്നായി അടുത്ത ആരോപണം. അതെന്ന് പറഞ്ഞ് കേരള ഹൗസിന്റെ കുറച്ച് വീഡിയോകളും പുറത്തിറക്കി.

വയനാട്ടിലെ രാത്രികാല ഗതാഗത വിഷയം ചര്‍ച്ച ചെയ്യാനായി കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത മീറ്റിങ്ങിന്റെ വീഡിയോകളാണ് അന്ന് കാണിച്ചത്.  ഇതിലൂടെയെല്ലാം എന്താണ് ഉദ്ദേശിക്കുന്നത്.

പിന്നെ പറഞ്ഞത് ക്ലിഫ് ഹൗസില്‍ സോളാര്‍ പാനല്‍ വെച്ചു എന്നാണ്. ക്ലിഫ് ഹൗസില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്‍ട്ടാണ്. ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്നതിന് മുന്‍പ് അതിനെ കുറിച്ച് ആലോചിക്കണം.

സോളാര്‍ കമ്പനി ഇന്നോ ഇന്നലെയോ തുടങ്ങിയ തട്ടിപ്പല്ല ഇത്. അഞ്ച് കൊല്ലം എല്‍.ഡി.എഫ് ഇവിടെ ഭരിച്ചു. ഒരു കേസ് പോലും അവര്‍ എടുത്തില്ല. യു.ഡി.എഫ് വന്നതിന് ശേഷം തുടങ്ങിയ തട്ടിപ്പ് അല്ല ഇത്.

എല്‍.ഡി.എഫിന്റെ കാലത്ത് നടന്ന തട്ടിപ്പ് ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറല്ല. അതുകൊണ്ടാണ് സഭ സ്തംഭിപ്പിക്കുന്നതും ചര്‍ച്ചക്ക് തയ്യാറാകാത്തതുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിജു രാധാകൃഷ്ണനുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അത് തികച്ചും വ്യക്തിപരമാണ്. സംസാരിച്ചത് കുടുംബകാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല.

തന്റെ ഓഫീസില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന ശക്തമായ സമ്മര്‍ദം ഉണ്ട്. ഇന്റലിജന്‍സും പാര്‍ട്ടി അംഗങ്ങളും അത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നെ കാണാന്‍ വരുന്നവര്‍ക്ക് അവസരം ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം.

എന്നാല്‍ ചിലയിടത്ത് വീഴ്ച പറ്റിയിട്ടുണ്ട്. അത് ഇനി പരിഹരിക്കും. ചിലതൊക്കെ തീരുമാനിക്കാനുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement