തിരുവനന്തപുരം: സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് കൊണ്ട് ഉമ്മന്‍ചാണ്ടി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. 72 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി അവര്‍ ഒപ്പിട്ട രേഖയും ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്തുകളുമായാണ് നിയുക്ത മുഖ്യമന്ത്രി ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുമായി കൂടിക്കാഴ്ച നടത്തിയത്. ഘടകകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും നിയമസഭാകക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ കത്തും ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

സത്യപ്രതിജ്ഞയുടെ സമയവും മന്ത്രിമാരെയും തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ മന്ത്രിമാരെ തീരുമാനിക്കുകയുള്ളൂ.

ഘടകകക്ഷികളുടെ നേതൃയോഗങ്ങളും അടുത്ത ദിവസങ്ങളില്‍ നടക്കും. ഈ യോഗങ്ങള്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.