തിരുവനന്തപുരം:മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ അഭിപ്രായപ്രകടനം തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ വാര്‍ത്താസമ്മേളനത്തിലൂടെയല്ല സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്. അത് അദ്ദേഹം കോടതിയിലാണ് ബോധിപ്പിച്ചത്. അദ്ദേഹം സര്‍ക്കാരിനെതിരെ പരസ്യമായ പ്രഖ്യാപനം നടത്തിയിട്ടില്ല.

അത്തരത്തില്‍ കോടതിയില്‍ പറഞ്ഞ കാര്യത്തില്‍ മുഖ്യമന്ത്രി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് തെറ്റായിപ്പോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെയൊക്കെ ബി.ജെ.പിക്കാരായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും കുറ്റപ്പെടുത്തിയിരുന്നു.

സര്‍ക്കാരിനെതിരെ ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി ഉടന്‍ അവരെ ബി.ജെ.പിക്കാരാക്കും. അത് ഇപ്പോള്‍ സി.പി.ഐക്കാരായാല്‍ പോലും അവരേയും പിണറായി ബി.ജെ.പിക്കാരാക്കുമെന്നും സുധീരന്‍ പരിഹസിച്ചിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നായിരുന്നു ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞത്.

കതിരൂര്‍ മനോജ് വധകേസില്‍ സി.പി.ഐ.എം മുതിര്‍ന്ന നേതാവായ പി. ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സെന്‍കുമാര്‍ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നുമായിരുന്നു പിണറായി ഇന്ന് നിയമസഭയില്‍ പറഞ്ഞു.


Dont Miss ഇന്ത്യയിലെ രണ്ടുരണ്ടരക്കോടി സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ പോലും ഭൂമിയില്ല: മുസ്‌ലീങ്ങള്‍ ശവദാഹം നടത്തിയാല്‍ മതിയെന്ന് സാക്ഷി മഹാരാജ് 


സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ സെന്‍കുമാര്‍ ഇപ്പോള്‍ യു.ഡി.എഫ് പാളയത്തിലല്ല. യു.ഡി.എഫ് പാളയം വിട്ട് അദ്ദേഹം ഇപ്പോള്‍ മറ്റൊരു പാളയത്തിലെത്തിയിരിക്കുയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഡി.ജി.പി എന്ന നിലയില്‍ സെന്‍കുമാറിന് എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ട്. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്ന കാര്യങ്ങളല്ല പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.

ടി.പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയസഭയില്‍ പറഞ്ഞത്. അതിനുള്ള മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിണറായി രംഗത്തെത്തിയത്.