തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടിക്കുണ്ടായ ദുരനുഭവം ഞെട്ടലോടെ മാത്രമാണ് കേട്ടതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇങ്ങനെയൊക്കെ കേരളത്തില്‍ സംഭവിക്കുമോ എന്നു പോലും തോന്നിപ്പോയി. ക്രമസമാധാനപാലനത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന നമ്മുടെ സംസ്ഥാനത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടനേ താന്‍ അവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവരുടെ വേദനയില്‍ പങ്കുചേര്‍ന്നു. അവര്‍ക്കെതിരേ ഉണ്ടായ ആക്രമണം ആസൂത്രിതവും സംഘടിതവുമാണ് എന്നാണു പ്രാഥമിക നിഗമനം.


Dont Miss മുന്നില്‍ നിന്ന് ഇളിച്ച് കാണിച്ച് പിന്നില്‍ നിന്ന് കുത്തരുത് ; നടിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കൃഷ്ണപ്രഭ 


പോലീസിന്റെ ശക്തമായ നടപടിയാണ് ജനങ്ങള്‍ ഇനി പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടനടി കണ്ടെത്തുകയും അവരെ നീതിപീഠത്തിനു മുന്നിലെത്തിച്ചെന്ന് ഉറപ്പുവരുത്തുകയും വേണം.

സ്ത്രീകള്‍ക്കെതരിരേയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ശക്തമായി അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്.വീണ്ടും തലപൊക്കിയിരിക്കുന്ന ഗുണ്ടാ മാഫിയ സംഘങ്ങളെ സംസ്ഥാന വ്യാപകമായി അടിച്ചമര്‍ത്തുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയുടെ വാഹനത്തില്‍ മറ്റൊരു വാഹനം മനപൂര്‍വം ഇടിക്കുകയും നടിയുടെ വാഹനം നിര്‍ത്തിച്ച് പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ ഉള്‍പ്പെടെയുള്ള സംഘം കാറില്‍ കയറി നടിയെ തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ഉപദ്രവിക്കുകയും ദൃശ്യങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ കൂടിയായ മാര്‍ട്ടിന്റെ കൂടി അറിവോടെയായിരുന്നു സംഭവം.