ന്യൂദല്‍ഹി: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യം നേരിടാന്‍ നാവികസേനയുടെയും കേന്ദ്ര ദുരന്തനിവാരണസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

Ads By Google

Subscribe Us:

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയുടെ ആദ്യസംഘം ഹെലികോപ്റ്ററില്‍ ഇന്നെത്തും. രണ്ട് മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് കേന്ദ്രസംഘമെത്തുക. കൂടുതല്‍ സേനാംഗങ്ങള്‍ ഇതിന് പിന്നാലെയെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തമേഖലകളില്‍ പുനരധിവാസത്തിനും വൈദ്യസഹായത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. പരമാവധി ഉദ്യോഗസ്ഥരോട് ദുരന്തമേഖലകളില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രിയും റവന്യൂ മന്ത്രിയും നേരിട്ട് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

മരണപ്പെട്ടവരുടെ ഉറ്റവര്‍ക്കും ദുരിതബാധിതര്‍ക്കും അടിയന്തര സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണ്. ഇതിനായി ദുരന്തം സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.

പഴശി ഡാമിന്റെ കഴിയുന്നിടത്തോളം ഷട്ടറുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.