തിരുവനന്തപുരം: പാമോലിന്‍ അഴിമതിയില്‍ താന്‍ പങ്കാളിയാണെന്ന കാര്യം വി.എസ് അച്യുതാനന്ദന് നേരത്തെ അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  1994ല്‍ വി.എസ് അച്യുതാനന്ദന്‍ എഴുതിയ പാമോലിന്‍ കരുണാകരന്‍ ഒന്നാം പ്രതിയെന്ന പുസ്തകവും ഉയര്‍ത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ സംസാരിച്ചത്.

Subscribe Us:

വി.എസിന് നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം 94ല്‍ എഴുതിയ പുസ്‌കത്തില്‍ തന്റെ പങ്ക് രേഖപ്പെടുത്തിയില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ‘ പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് അച്യുതാനന്ദന്‍ ഒരു എക്‌സ്‌ക്ലൂസീവ് പത്രസമ്മേളനം നടത്തിയിരുന്നല്ലോ. അതുകൊണ്ട് എനിക്കുണ്ടായ ഏക ഗുണം ഈ പുസ്തകം വായിക്കാനായി എന്നതാണ്’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇറ്റലിക്കനുകൂലമായ പ്രസ്താവന നടത്തിയെന്ന മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്‌ക്കെതിരെയുള്ള ആരോപണം സഭതന്നെ നിഷേധിച്ചതാണെന്നും അതിനാല്‍ തന്റെ അഭിപ്രായപ്രകടനത്തിന് പ്രാധാന്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി കെ.വി തോമസിനെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുകേശവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘ മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം. ഏല്ലാറ്റിനും ഓരോരോ ലക്ഷ്മണരേഖയുണ്ട്. ആ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുവേണം മതനേതാക്കളെ വിമര്‍ശിക്കാന്‍. അത് മറികടന്ന് മതനേതാക്കള്‍ രാഷ്ട്രീയത്തിലോ, രാഷ്ട്രീയക്കാര്‍ മതകാര്യത്തിലോ ഇടപെടരുത്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ലെന്ന് തുറന്നുസമ്മതിക്കുന്നു.’

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാന്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.   തീരസംരക്ഷണസേന, നാവികസേന, പോലീസ്, ഫിഷറീസ് തുടങ്ങിയ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേരുക.

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മുന്‍പും കപ്പലുകളില്‍ നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും നീണ്ടകര സംഭവത്തിന് ശേഷം മത്സ്യത്തൊഴിലാളികളുടെ സുരക്ഷാഭീതിയും കണക്കിലെടുത്താണ് നടപടി.  ഈ യോഗത്തിന് ശേഷം മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും. നമ്മുടെ സമുദ്രതീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇറ്റലിയുടെ വാദങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്‌ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലാലൂര്‍ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനായി ബണ്ട് നിര്‍മിക്കുന്നതിനും മാലിന്യം തരം തിരിച്ച് ബണ്ടില്‍ നിക്ഷേപിച്ച് മണ്ണിട്ടുമൂടുന്നതിനുമുള്ള വിശദമായ പ്രോജക്ട് തയാറാക്കാനും  പി.ഡബ്ല്യു.ഡിയെ ചുമതലപ്പെടുത്തി.  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പ്രദേശവാസികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരം നിര്‍ദേശം വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഗമണിനടുത്ത് ഇന്നലെ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഗുരുതരമായ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് 25000 രൂപ വീതവും നിസാര പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതവും നല്‍കും. അപകടം നടന്ന സ്ഥലത്ത് സൈന്‍ ബോര്‍ഡുകളും ക്രാഷ് ഗാര്‍ഡുകളും വയ്ക്കാനും പി.ഡബ്ല്യൂ.ഡിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

Malayalam News

Kerala News In English