കോഴിക്കോട്: ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ സി.പി.ഐ.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദു സേനക്കാര്‍ ആക്രമിച്ചതിനെ അതിനിശിതമായി വിമര്‍ശിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ ചാണ്ടി. ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ അജണ്ടയെ എതിര്‍ക്കുന്ന നേതാക്കളെ ഭീക്ഷണിപ്പെടുത്തുവാനും വകവരുത്തുവാനുമുള്ള ഇത്തരം നീക്കങ്ങളെ മതേതര ശക്തികള്‍ ഒറ്റകെട്ടായി ചെറുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളി കളഞ്ഞില്ലങ്കില്‍ അത് വലിയ ആപത്താണ്. രാജ്യം ഭരിക്കുന്ന ബിജെപി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് രാജ്യം ഉറ്റു നോക്കുകയാണെമന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Also Read: ‘യെച്ചൂരിയ്‌ക്കെതിരായ ആക്രമണം ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണം’; തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ച് നിശബ്ദമാക്കാന്‍ കഴിയുമെന്ന് കരുതുന്ന ഫാസിസ്റ്റ് മൗഢ്യങ്ങള്‍ അനുവദിച്ചു കൂടായെന്നും കെ.കെ രമ


സംഘപരിവാര്‍ നടത്തിയ ആക്രമണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു എന്നായിരുന്നു വി.എസ് അച്യുതാനന്ദന്റെ പ്രതികരണം. ആക്രമണം നടത്തിയ സംഘടനയെ രാജ്യത്ത് നിരോധിക്കണമെന്നും ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി തുറുങ്കിലടക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

നേരത്തെ, യെച്ചൂരിയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. യെച്ചൂരിയ്‌ക്കെതിരായ ആക്രമണം അപലപനീയമാണെന്നു പറഞ്ഞ പിണറായി വിജയന്‍ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്നും പറഞ്ഞു.


Don’t Miss: കേന്ദ്രസര്‍ക്കാറിനെതിരായ കേരളത്തിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍; കോഴിക്കോട്ടെ ബീഫ് ഫെസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് വാഷിംഗ്ടണ്‍ പോസ്റ്റ്


നേരത്തെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കയ്യേറ്റത്തെ പ്രാകൃതമാണെന്നായിരുന്നു ആന്റണി വിശേഷിപ്പിച്ചത്. തങ്ങളെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.


Also Read: കേന്ദ്രസര്‍ക്കാറിനെതിരായ കേരളത്തിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍; കോഴിക്കോട്ടെ ബീഫ് ഫെസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് വാഷിംഗ്ടണ്‍ പോസ്റ്റ്


സംഘപരിവാറിന്റെ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതു കൊണ്ടൊന്നും തങ്ങള്‍ നിശബ്ദരാകില്ലെന്നും ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പറഞ്ഞ യെച്ചൂരി അതില്‍ തങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി സെന്ററില്‍ വച്ച് ഹിന്ദു സേനക്കാര്‍ ആക്രമിച്ചതിനെ ഞാന്‍ അതിനിശിതമായി അപലപിക്കുന്നു. ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ അജണ്ടയെ എതിര്‍ക്കുന്ന നേതാക്കളെ ഭീക്ഷണിപ്പെടുത്തുവാനും വകവരുത്തുവാനുമുള്ള ഇത്തരം നീക്കങ്ങളെ മതേതര ശക്തികള്‍ ഒറ്റകെട്ടായി ചെറുക്കണം.
മതേതരത്തിനും ജനാധിപത്യത്തിനും സ്വാതത്ര്യത്തിനും എതിരായ ആക്രമണമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളി കളഞ്ഞില്ലങ്കില്‍ അത് വലിയ ആപത്താണ്. രാജ്യം ഭരിക്കുന്ന ബിജെപി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് രാജ്യം ഉറ്റു നോക്കുകയാണ്.