തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ അടങ്ങുന്ന കത്ത് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന് കൈമാറി. പ്രത്യേക ദൂതന്‍ വഴിയാണ് കത്ത് കൈമാറിയത്.

കത്തില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കുമ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. പരാതികള്‍ എഴുതിനല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് കത്ത് കൈമാറിയിരിക്കുന്നത്.

തന്റെ മകന്‍ അരുണ്‍ കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് എന്തെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ അക്കാര്യം അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.എസ് വ്യക്തമാക്കിയത്. അരുണ്‍ കുമാര്‍ ചന്ദനഫാക്ടറി ഉടമകളില്‍ നിന്നും ഏഴുലക്ഷംരൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു മുഖ്യആരോപണം.