ummenchandiതിരുവനന്തപുരം:തദ്ദേശഭരണവകുപ്പു വിഭജനകാര്യം പുന:പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മുന്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വകുപ്പുവിഭജനം ഭരണത്തെ ബാധിക്കില്ലെന്നും അതിനാല്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗ്രാമവികസനവകുപ്പ് തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലായിരുന്നു. ഗ്രാമവികസന വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ഫലപ്രദമായി വിനിയോഗിക്കാതിരുന്നത് കേരളത്തിലാണെന്നും ഇതുകൂടി കണക്കിലെടുത്താണ് വകുപ്പു വിഭജിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായോഗികമായി എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ വകുപ്പുവിഭജനം പുന:പരിശോധിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് എന്തെങ്കിലുംതരത്തിലുള്ള പരാതികള്‍ വരികയാണെങ്കില്‍ പുന:പരിശോധിക്കാമെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.