എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പുനഃസംഘടന: ഉമ്മന്‍ചാണ്ടി-ചെന്നിത്തല കൂടിക്കാഴ്ച്ച വീണ്ടും പരാജയം
എഡിറ്റര്‍
Wednesday 5th June 2013 9:36pm

chandy-and-oomen

തിരുവന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കെ.പി.സി.സി ആസ്ഥാനത്താണ്  ഉമ്മന്‍ചാണ്ടിയും,  രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച്ച നടത്തിയത്.
Ads By Google

ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ രമേശ് ചെന്നിത്തലയെ അറിയിച്ചുണ്ടെന്ന് മുഖ്യമന്തി വ്യക്തമാക്കി. രാത്രി എട്ട് മണിക്ക് നടന്ന ചര്‍ച്ച ഏകദേശം ഇരുപത് മിനിട്ട് നേരം  നീണ്ടു നിന്നു.

രമേശ് ചെന്നിത്തലയും താനും ഒരേ വഴിക്കുതന്നെയാണെന്ന്  ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.  ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം തന്റെ ഭാഗത്തു നിന്നും വേണമെന്ന മാധ്യമങ്ങളുടെ വാശി നടക്കില്ലെന്നും, രമേശിന്റെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിന് മുന്‍പ് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുന്ന കാര്യം കാത്തിരുന്ന് കാണാമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തങ്കച്ചന്‍ രാവിലെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.

ഇന്നലെ വൈകിട്ട് ഉമ്മന്‍ ചാണ്ടിയും പി.പി. തങ്കച്ചനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പി.പി. തങ്കച്ചനെ ബോധിപ്പിച്ചു.

തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ അവരവരുടെ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി.

മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ രമേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനുള്ള സാധ്യത മങ്ങിയതോടെ ആഭ്യന്തര വകുപ്പെന്ന ആവശ്യം ശക്തമാക്കാനാണ്‌ ഐ -ഗ്രൂപ്പ് തീരുമാനം. എന്നാല്‍ ആഭ്യന്തരം വിട്ടു കൊടുക്കാന്‍ മുഖ്യമന്ത്രിക്കും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, എ ഗ്രൂപ്പിനും സമ്മതമല്ല. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമാകാത്ത സ്ഥിതിയില്‍ വരും ദിവസങ്ങളില്‍ അനുബന്ധ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ്   റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement