കൊച്ചി: മേഘാ ഡിസ്ട്രിബ്യൂട്ടേര്‍സില്‍ നിന്നും മുന്‍കൂര്‍ നികുതിവാങ്ങണമെന്ന ഹൈക്കോടതി വിധിയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും നികുതി സ്വീകരിക്കരുതെന്ന മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍ മേഘയില്‍ നിന്നും നികുതി സ്വീകരിക്കണമെന്ന വിധിയില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് തോമസ് ഐസക്കാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളമോചനയാത്രക്ക് ഏറണാകുളം ജില്ലയില്‍ ലഭിച്ച സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മേഘയില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങണമെന്ന കോടതിവിധിയോടെ ലോട്ടറിവിഷയം പുതിയൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. എന്നാല്‍ കോടതിവിധിക്കെതിരേയുള്ള നിലപാടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. നികുതി സ്വീകരിക്കേണ്ടെന്ന് നികുതി കമ്മീഷണറോട് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോടതിവിധിയെത്തുടര്‍ന്ന് മുന്‍കൂര്‍ നികുതിയുമായി പാലക്കാട് നികുതി കമ്മീഷണറെ സമീപിച്ച മേഘാ ഡിസ്ട്രിബ്യൂട്ടേര്‍സിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. വിധിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്ന കാരണംപറഞ്ഞ് നികുതി കമ്മീഷണര്‍ നികുതിത്തുകയുമായെത്തിയവരെ തിരിച്ചയക്കുകയായിരുന്നു.