തിരുവനന്തപുരം: സ്പീക്കര്‍ അടക്കമുള്ള പ്രധാന സ്ഥാനങ്ങളില്‍ ഉടനേ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റി പദ്ധതി യു.ഡി.എഫ് സര്‍ക്കാറിന്റെ ഐ.ടി നയത്തിനനുസരിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യവകുപ്പ് എന്നീ സ്ഥാനങ്ങളിലേക്കാണ് ഇനി നിയമനം നടക്കേണ്ടത്. ഇക്കാര്യം ഉടനെ തന്നെയുണ്ടാകും. സംസ്ഥാന നിയമസഭയുടെ ആദ്യസമ്മേളനം ചേരുന്ന തീയതി നാളെ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി പദ്ധതി യു.ഡി.എഫിന്റെ ഐ.ടി നയത്തിനനുസരിച്ചായിരിക്കും നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് കാലതാമസം വരുകയാണെങ്കില്‍ ഐ.ടി നയത്തില്‍ തന്നെ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നേരത്തേ കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ അന്തിമപട്ടിക ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ്, പി.കെ ജയലക്ഷ്മി, കെ.ബാബു, കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എന്‍ ബാലകൃ്ണന്‍, അടൂര്‍ പ്രകാശ്, എ.സി ജോസഫ് എന്നിവരാണ് കോണ്‍ഗ്രസ് മന്ത്രിമാരാവുക. നിയുക്ത മന്ത്രിമാര്‍ 23ന് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.