തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കുന്നത് വൈകിയതിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. പ്രത്യേക സാമ്പത്തിക മേഖലയില്‍ 12 ശതമാനം സ്വതന്ത്രാവകാശ ഭൂമിയെന്നത് ടീകോം ആദ്യമേ അംഗീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ട്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണ് യു.ഡി.എഫ് പദ്ധതി കേരളത്തില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ അത് തങ്ങളുടെ നേട്ടമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പദ്ധതിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് അച്ച്യുതാനന്ദനായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ആന്ധ്രപ്രദേശിന്റേയും തമിഴ്‌നാടിന്റെയും ശക്തമായ സമ്മര്‍ദ്ദം അതിജീവിച്ചാണ് പദ്ധതി കേരളത്തിലെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ദുബൈ സര്‍ക്കാറിനെ വിശ്വസിപ്പിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. ഇതിന് മധ്യസ്ഥന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇടതുമുന്നണി പദ്ധതി സര്‍ക്കാറിന്റെ നേട്ടമാണെന്ന് മേനിനടിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.