Categories

പാമോലിന്‍ കേസ് രാഷ്ട്രീയമായി നേരിടില്ല: ഉമ്മന്‍ ചാണ്ടി

കൊച്ചി: പാമോലിന്‍ കേസില്‍ തനിക്കെതിരേ കേസെടുത്താല്‍ രാഷ്ട്രീയമായി നേരിടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലാവലിന്‍ കേസില്‍ സി.പി.ഐ.എം സ്വീകരിച്ച നിലപാട് തന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഇന്ത്യാ വിഷന്റെ ‘ ഞാന്‍ എന്റെ രാഷ്ട്രീയം’ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഉമ്മന്‍ ചാണ്ടി നയം വ്യക്തമാക്കിയത്. പാമോലിന്‍ കേസില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തെ നിയമപരമായും ധാര്‍മ്മികപരമായും നേരിടും. ലാവലിന്‍ വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിച്ച രീതിയിലുള്ള നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടാവില്ല. കഴിഞ്ഞ 20 വര്‍ഷമായി കേസില്‍ തനിക്കെതിരേ നടപടിയെടുത്തിട്ടില്ല. നായനാര്‍ ഭരിച്ച അഞ്ചുവര്‍ഷവും തനിക്കെതിരേ നടപടിയുണ്ടായിരുന്നില്ലെന്നും കേസിനെ രാഷ്ട്രീയമായി നേരിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

രാഷ്ട്രീയ ധാര്‍മ്മികതയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എല്ലാക്കാലവും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. രാഷ്ട്രീയഘധാര്‍മ്മികത പാര്‍ട്ടികള്‍ സ്വയം ഉള്‍ക്കൊള്ളേണ്ടതാണ്. അത് പാര്‍ട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള കേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ ഉമ്മന്‍ ചാണ്ടി തള്ളി. പി.സി.സി പ്രസിന്റുമാര്‍ മല്‍സരിക്കണമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ അനുമതി ആവശ്യമാണ്. ഇത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.