ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി പൊതുമേഖലയില്‍ വേണമെന്ന് വാശിപിടിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയുമായി ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോപദ്ധതി പൊതുമേഖലയില്‍ തന്നെ വേണമെന്ന് വാശി പിടിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

കഴിഞ്ഞസര്‍ക്കാറെടുത്ത തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ പുന: പരിശോധിക്കുമെന്നും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ചര്‍ച്ചനടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് പണം നല്‍കാനാവില്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ അറിയിച്ചിരുന്നു.