തൃശ്ശൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ വോട്ട് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പില്‍ മുരളിയുടെ കൂടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണമോ എന്ന കാര്യം പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തൃശ്ശൂരില്‍ നടന്ന ഒരുചടങ്ങിനിടെയാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. വോട്ടു നല്‍കാമെന്ന ആഭ്യര്‍ത്ഥനയുമായി ഒരാള്‍ വന്നാല്‍ അത് നിരാകരിക്കുന്നതെങ്ങനെയാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇതോടെ കെ മുരളീധരന്റെ പിന്തുണ കോണ്‍ഗ്രസ് പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്.

അതിനിടെ പിന്തുണ അറിയിച്ച് മുരളീധരന്‍ ചുമതലപ്പെടുത്തിയ അഞ്ചംഗസംഘം കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടേക്കും.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യി ഡി എഫിന് പിന്തുണ നല്‍കുമെന്ന് കെ മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുരളീധരന്റെ പിന്തുണ സ്വീകരിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.