തിരുവനന്തപുരം: ജനിതകവിള സമൂഹത്തിന് ഉപകാരപ്രദമാകുമെങ്കില്‍ പുറംതിരിഞ്ഞുനില്‍ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയം കെ പി സി സി വിശദമായി ചര്‍ച്ചചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികരംഗത്ത് മാറ്റങ്ങള്‍ പ്രകടമാണ്. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങള്‍ സമൂഹത്തിന് ഉപകാരപ്രദമാകുമെങ്കില്‍ പുറംതിരിഞ്ഞു നില്‍ക്കേണ്ടതില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനിതകവിളയെ അനുകൂലിക്കില്ലെന്ന് സി.പി.ഐ
ജനിതകവിളയെ അനുകൂലിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. ജനിതകമാറ്റം വരുത്തിയ വിളകള്‍ കര്‍ഷകരുടെ നാശത്തിനേ കാരണമാകൂ എന്നും വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെ നിലപാടുകളെ അനുകൂലിക്കില്ലെന്നും എ ബി ബര്‍ദന്‍ പറഞ്ഞു.

ജനിതകവിളകളെ പിന്തുണച്ച് പ്രസ്താവന നടത്തിയ എസ് രാമചന്ദ്രന്‍ പിള്ളക്കെതിരേ ശക്തമായ മറുപടിയുമായി ഡി രാജ രംഗത്തെത്തി. ഇത്തരം വിത്തിനങ്ങളെ എതിര്‍ക്കുന്നവര്‍ അന്ധവിശ്വാസികളാണെന്ന ആരോപണം ശരിയല്ലെന്നും ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പ്പര്യമാണ് ഇത്തരം വിത്തുകളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.