തിരുവനന്തപുരം: ചന്ദനമാഫിയയില്‍ നിന്നും അരുണ്‍ കുമാര്‍ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഹാജരാക്കിയാല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ഐസ്‌ക്രീം കേസില്‍ ഇന്ത്യാവിഷന്‍ ചാനല്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ കേസെടുത്തതെന്നാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍ കുമാറിനെതിരേയുള്ള തെളിവുകള്‍ ജയ്ഹിന്ദ് ചാനലിന്റെ പക്കലുണ്ട്. ഇത് കൈമാറാന്‍ തയ്യാറാണ്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകുമോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്.

മുഖ്യമന്ത്രിയുടെ മകന്‍ കയര്‍ഫെഡ് എം.ഡിയായിരിക്കേ 13 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. കുപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് അരുണ്‍ കുമാര്‍ നടത്തിയ യാത്രയെക്കുറിച്ചും അന്വേഷിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു

നിമയസഭയില്‍ അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കില്‍ സബ്മിഷനായി അത് അനുവദിക്കാറുള്ള കീഴ് വഴക്കം പോലും സര്‍ക്കാറിന്റെ സ്വാധീനത്തെ തുടര്‍ന്ന് സ്പീക്കര്‍ ലംഘിച്ചുവെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇത് ജനാധിപത്യ ധ്വംസനമാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.