തിരുവനന്തപുരം:ആശങ്കകള്‍ക്ക് വിരമാമിട്ട് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുവെച്ച് സോണിയാഗാന്ധിയുടെ അനുമതിയോടുകൂടിയായിരുന്നു പ്രഖ്യാപനം.ഭൂരിപക്ഷം ആത്മവിശ്വാസത്തെ തളര്‍ത്തില്ലെന്നും പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും നിയുക്തമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭരണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും നല്ലൊരു ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്ക്കുവേണ്ടിയുള്ള ഭരണമാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍്ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നുംകെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുവാനും സൃഷ്ടിപരമായ, വികസനോന്മുഖമായ ഭരണം കാഴ്ചവെക്കുവാനും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഇതുവരെ കണ്ടിട്ടില്ലാത്ത ഭരണം തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത് . കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ ഉമ്മന്‍ചാണ്ടി പിന്തുണക്കുകയായിരുന്നു.