തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്ന ചെറിയാന്‍ ഫിലിപ്പ്. ഗൂഢാലോചനയില്‍ താനും പങ്കാളിയായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തി.

Ads By Google

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ നിന്നും മാറിയ കെ.പി.സി.സി ഭാരവാഹിയുടെ വീട്ടില്‍ വെച്ചായിരുന്നു ഗൂഢാലോചനയെന്നും ചെറിയാന്‍ ഫിലിപ്പ് വെളിപ്പെടുത്തി. നേരത്തേ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞിരുന്നു.

1992 ലെ കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് വഴക്ക് ശ്കതമായെന്നും 1994 ആകുമ്പോഴേക്കും കരുണാകരനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള വഴക്ക് രൂക്ഷമാകുകയും ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം രാജിവെച്ചു. ഇതോടെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി. ഇതിനായി ചാരക്കേസ് ഉപയോഗപ്പെടുത്തുകയായിരുന്നു. കെ.കരുണാകരനെതിരെ നടന്ന ഗൂഢാലോനയിലെല്ലാം ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

ചാരക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.