തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയെയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടേതാണ് തീരുമാനം.

സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡം എ.ഐ.സി.സിയുടെ തീരുമാനത്തിന് വിടാനും തീരുമാനമായി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും 16ന് മുമ്പ് ന്യൂദല്‍ഹിയിലെത്തുമെന്നും സൂചനയുണ്ട്.

ഘടകകക്ഷികളെ കൂടെനിര്‍ത്തണമെന്ന് ആന്റണി
ഘടകകക്ഷികളുമായുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ച് അവരെ കൂടെനിര്‍ത്തണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സീറ്റുകള്‍ മുതിര്‍ന്ന നേതാക്കള്‍ കുത്തകയാക്കരുതെന്ന അഭിപ്രായമുയര്‍ന്നതായും ആന്റണി പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതായും ആന്റണി വ്യക്തമാക്കി.