തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാലും അത് കേരളത്തിലെ ജനങ്ങളെയോ സ്വത്തിനെയോ ബാധിക്കില്ലെന്ന എ.ജി യുടെ പരാമര്‍ശം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തിയ ശേഷം കേരളത്തില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി തിരുവനന്തപ്പുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

എ.ജി യുടെ നിലപാട് മാധ്യമ സൃഷ്ടിയാണെന്ന അഭിപ്രായം സര്‍ക്കാറിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നെന്നും കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. കേരളവും തമിഴ്‌നാടും തമ്മിലുള്ള തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. കേരളം പുതിയ ഡാം നിര്‍മ്മിച്ചാല്‍ തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന വാര്‍ത്ത തെറ്റാണ്. ഇപ്പോള്‍ നല്‍കി വരുന്ന അതേ അളവില്‍ത്തന്നെ വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Malayalam News
Kerala News in Kerala