Categories

ഒ.എന്‍.വിക്ക് ജ്ഞാനപീഠം സമ്മാനിച്ചു

തിരുവനന്തപുരം: പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍ നിന്നാണ് ഒ.എന്‍.വി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2007 ജ്ഞാനപീഠം പുരസ്‌കാരമാണ് ഒ.എന്‍.വിക്ക് ലഭിച്ചത്. മാധവിക്കുട്ടിയുടേയും ഒ.എന്‍.വിയുടേയും പേരുകളാണ് പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നും പരിഗണിച്ചിരുന്നത്.

മലയാളത്തിന് ക്ലാസിക പദവി ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് പുരസ്‌കാരം സ്വീകരിച്ചശേഷം ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. മുന്‍ ജ്ഞാനപീഠ ജേതാവ് എം.ടി വാസുദേവന്‍ നായര്‍, സുഗതകുമാരി, അടൂര്‍ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പാണ് ഒ എന്‍ വി എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെട്ടത്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ എന്‍ കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ. എന്‍. വി, 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി.

1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍. വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം എന്ന കൃതിയാണ്.

ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ. എന്‍. വി മലയാളത്തിനു നല്‍കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.