ഉഡുപ്പി: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം മാത്രമല്ലാതെ മറ്റൊരു രൂപവും ഉയരില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. അതേ കല്ലുകള്‍ കൊണ്ട് അതേ സ്ഥലത്ത് ക്ഷേത്രം പണിയും, രാമ മന്ദിരത്തിന് മുകളില്‍ കാവിക്കൊടി ഉയരുന്ന നാള്‍ വിദൂരമല്ലന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മ സംസധില്‍ സംസാരിക്കവെയാണ് ഭഗവത് ഇക്കാര്യം പറഞ്ഞത്.


Also Read: ‘ആശാനാണ് ആശാനെ ഞങ്ങടെ ആശാന്‍’; കോപ്പലാശന് ഗംഭീര വരവേല്‍പ്പൊരുക്കി ഗ്യാലറിയില്‍ മഞ്ഞപ്പട; വിനീതരായി താരങ്ങള്‍, വീഡിയോ


ഞങ്ങള്‍ അത് നിര്‍മിക്കും, ഇത് ജനപിന്തുണയുള്ള ഒരു പ്രസ്താവനയല്ല, മറിച്ച് ഞങ്ങളുടെ വിശ്വാസം ഒരു വിഷയമാണ്, വിശ്വാസം മാറ്റാനാവില്ല, അദ്ദേഹം പറഞ്ഞു. കേസ് കോടതിയില്‍ നടന്നകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള പരിശ്രമവും ത്യാഗവും കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുക എന്നത് സാധ്യമാകുമെന്നാണ് കരുതുന്നതെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി കൊടി ഉയര്‍ത്താന്‍ നടക്കുന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശപ്രകാരം അതേ കല്ലുകള്‍ ഉപയോഗിച്ച് മുമ്പേ നിലനിന്നിരുന്ന അതേ പ്രതീതിയില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്നതിന് മുന്‍മ്പായി പൊതുജന അവബോധം അനിവാര്യമാണ്. ഞങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഞങ്ങള്‍ വളരെ അടുത്താണ്, എന്നാല്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസമായി നടക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനം പൂര്‍ണ്ണമായും നടപ്പാക്കിയില്ലെങ്കില്‍ രാജ്യത്തിന്റെ സമാധാനം നഷ്ടപ്പെടുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള 2,000ത്തോളം സന്യാസിമാരും മഠാധിപതികളും വി.എച്ച്.പി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജാതി, ലിംഗ വിവേചനം സംബന്ധിച്ച വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്നും സംഘാടകര്‍ പറഞ്ഞു.


Dont Miss: ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


അയോധ്യയില്‍ ക്ഷേത്രം ഉയരുന്നതിനോടൊപ്പം 135 കിലോമീറ്റര്‍ അകലെ ലക്‌നൗവില്‍ സമാദാനത്തിന്റെ പള്ളിയും ഉയര്‍ന്നാല്‍ മതിയെന്ന് പരിഹാര മാര്‍ഗവുമായി ഷിയാ വിഭാഗവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ അഭിപ്രായം കോടതിയല്‍ അറിയിക്കുമെന്നും ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി പറഞ്ഞിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയായ ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6 ന് സംഘപരിവാര്‍ വര്‍ഗീയ വാദികള്‍ തകര്‍ത്തിരുന്നു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ 3000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.