തൃശൂര്‍: സി.പി.ഐ.എമ്മിനെ തകര്‍ക്കാനും ഇല്ലാതാക്കാനും സി.പി.ഐ.എമ്മിനുള്ളിലുളളവര്‍ക്ക്  മാത്രമേ സാധിക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടി.പി വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ കുടുക്കി സി.പി.ഐ.എമ്മിനെ തകര്‍ക്കുകളയാമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ കരുതേണ്ടെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിണറായിയുടെ വാക്കുകള്‍ പൂര്‍ണമായും ശരിയാണ്. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്കും മറ്റൊരു പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ല. തോല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ. ചിലപ്പോള്‍ കോണ്‍ഗ്രസിന് സി.പി.ഐ.എമ്മിനെ  തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇല്ലാതാക്കാനാവില്ല. അതിന് അതാതു പാര്‍ട്ടിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തീരുമാനിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സി.പി.ഐ.എം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വടകര കോടതിക്ക് നേരെയുള്ള ആക്രമണം ഇതിന് തെളിവാണ്.  സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുന്നതില്‍ ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ഹര്‍ത്താലിന് ഇടതുമുന്നണിയിലെ എത്ര കക്ഷികളുടെ പിന്തുണ സി.പി.ഐ.എമ്മിന് ഉണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.