വാഷിംഗ്ടണ്‍: യു.എസും സഖ്യകക്ഷികളും നടത്തിയ പോരാട്ടത്തിന്റെ ഫലമായി സിറിയയിലും ഇറാഖിലുമായി അവശേഷിക്കുന്നതു മൂവായിരത്തോളം ഐ.എസ് ഭീകരര്‍ മാത്രമെന്നു റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് യു.എസ് സൈന്യത്തിലെ കേണല്‍ റയാന്‍ ഡില്ലന്‍ പറഞ്ഞു.

‘മൂവായിരത്തില്‍ത്താഴെ ഭീകരരെ അവിടെയുള്ളുവെന്നാണു ഞങ്ങളുടെ കണക്ക്. അതു ഭീഷണിയാണ്. എന്നിരുന്നാലും അവരെ പരാജയപ്പെടുത്താനുള്ള എല്ലാ മാര്‍ഗങ്ങളും അവലംബിക്കുകയാണ്.’


Also Read: ‘അവര്‍ നമുക്ക് വേണ്ടി മരിച്ചവരാണ്, അവരുടെ മക്കളുടെ പഠനം മുടങ്ങരുത്’; സൈനികരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് തുക കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ നാവികസേനാ മേധാവി


സഖ്യകക്ഷികള്‍ ഇതുവരെ 1,25,000 പേര്‍ക്കു പരിശീലനം നല്‍കി. ഇതില്‍ 22,000 പേര്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ പോരാളികളാണെന്നും അദ്ദേഹം അറിയിച്ചു.എന്നാല്‍ ഐ.എസിന്റെ പതനത്തിനുശേഷം ഇറാഖിലും സിറിയയിലും യു.എസ് സ്ഥിര സൈനിക താവളം നിര്‍മിക്കില്ലെന്ന് ഡില്ലന്‍ വ്യക്തമാക്കി.

ഐ.എസിന്റെ പതനത്തിനുശേഷം ഏതൊക്കെ സഖ്യകക്ഷികള്‍ എത്രകാലം ഇവിടെ നില്‍ക്കണമെന്ന കാര്യം ഇറാഖാണു തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.