കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങും ഇ-പെയ്‌മെന്റും വരുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചുള്ള ഫോറം പൂരിപ്പിച്ച്‌ വാങ്ങും.

പുതിയ സംവിധാനം നടപ്പാക്കാന്‍ ഓയില്‍ കമ്പനികള്‍ നടപടി തുടങ്ങി.

Ads By Google

‘നിങ്ങളുടെ ഉപയോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍ കെ.വൈ.സി) എന്ന പേരില്‍ പ്രത്യേക ഫോറം ഉപയോക്താക്കളില്‍ നിന്ന് പൂരിപ്പിച്ച് വാങ്ങി നല്‍കാനാണ് ഓയില്‍ കമ്പനികള്‍ എല്‍.പി.ജി വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കമ്പനിയുമായി ഉപയോക്താക്കള്‍ക്ക് നേരിട്ട്‌ ബന്ധപ്പെടാനും ബുക്ക് ചെയ്ത് നിശ്ചിത ദിവസത്തിനകം സിലിണ്ടര്‍ എത്തിച്ച്‌ കൊടുക്കാനും അക്കാര്യം കമ്പനിക്കു നേരിട്ട്‌ ബോധ്യം വരുത്താനുമാകും ഈ സൗകര്യം പ്രയോജനപ്പെടുത്തുക.  ഇതുവഴി എല്‍.പി.ജി സിലിണ്ടര്‍ ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കും.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സബ്‌സിഡി സിലിണ്ടര്‍ നിയന്ത്രണം നടപ്പാക്കാനാണ് ഏജന്‍സികള്‍ക്കുള്ള  നിര്‍ദേശം. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 വരെ മൂന്ന് സബ്‌സിഡി സിലിണ്ടര്‍ മാത്രമേ ലഭിക്കു.

സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ആറെണ്ണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കണക്കിലെടുക്കരുതെന്നും സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം വളച്ചൊടിച്ച് സബ്‌സിഡി സിലിണ്ടര്‍ പല ഏജന്‍സികളും നല്‍കുന്നില്ലെന്ന്‌ വ്യാപക പരാതിയുണ്ട്.