ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നൂറാം സെഞ്ച്വറിയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. ഏഷ്യാകപ്പ് മത്സരത്തിലെങ്കിലും സച്ചിന്‍ ചരിത്രനേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.  99 സെഞ്ച്വറികള്‍ തികച്ച് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ സച്ചിന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി കൂടി പിറക്കുന്ന മുഹൂര്‍ത്തത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.

കഴിഞ്ഞ ലോകകപ്പിലെ ലീഗ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായിരുന്നു സച്ചിന്റെ അവസാന സെഞ്ചുറി. 2011 മാര്‍ച്ച് 12നു കുറിച്ച ആ 111 റണ്‍സ് ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് കിരീടത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു. ഇംഗ്ലണ്ടിലേയും ഓസ്‌ട്രേലിയയിലേയും പര്യടനങ്ങളില്‍ പലതവണ സെഞ്ചുറി നേട്ടത്തിനടുത്തെത്താന്‍ സച്ചിനു കഴിഞ്ഞിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അവിടെയും സച്ചിനെ കൈവിട്ടു.

ലോകകപ്പില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും അതിനു ശേഷം ഏകദിനത്തില്‍ നിന്ന് ദീര്‍ഘനാള്‍ വിട്ടുനിന്ന സച്ചിന്‍ വീണ്ടും ഏകദിനത്തിനു ബാറ്റ് ഏന്തിയത് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലാണ്. ഏഴ് മല്‍സരങ്ങളില്‍ നിന്നു നേടിയത് 143 റണ്‍സ് മാത്രം. ശരാശരി 20.42. ഒരു പരമ്പരയില്‍ സച്ചിന്‍ ഇങ്ങനെ നിറം മങ്ങുന്നതും ഇതാദ്യം.

സച്ചിന്‍ വിരമിക്കണം എന്ന കടുത്ത ആവശ്യം പോലും ഈ കാലത്തിനിടെ ഉയര്‍ന്നു. പക്ഷേ സച്ചിനെ പോലെ ലോകം കണ്ട എറ്റവും പ്രതിഭാധനനായ ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് ഈ കഷ്ടകാലം താല്‍ക്കാലികം മാത്രമാണെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. സച്ചിന് ഏതു നിമിഷവും ഒരു തിരിച്ചുവരവ് അസാധ്യമല്ലെന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും വിലയിരുത്തുന്നു.

നൂറാം സെഞ്ച്വറിയെന്ന സമ്മര്‍ദ്ദം ഉള്ളതുകൊണ്ട് തന്നെ കഴിഞ്ഞ ഒരുവര്‍ഷമായി സച്ചിന്‍ കടുത്ത നിരാശയിലാണെന്നും ക്രിക്കറ്റ് ലോകത്ത് അടക്കം പറച്ചിലുകളുണ്ട്.  സച്ചിന്റെ നിര്‍ഭാഗ്യം ഇന്ത്യന്‍ ടീമിനെയാകെ ബാധിച്ചിരിക്കുകയാണ്. ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇതിനു തെളിവാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ മാത്രം വിജയം നേടാന്‍ കഴിഞ്ഞ ടീം ഇന്ത്യ പിന്നീട് തോല്‍വിയുടെ പടുകുഴിയിലേക്ക് വീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

സച്ചിന്‍ നൂറാം സെഞ്ചുറി നേടുന്നതിനായി  ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയിലും ഏഷ്യാകപ്പിലും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവിടേയും സച്ചിന് തിളങ്ങാനായില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിനങ്ങളില്‍ ഏഴുമത്സരങ്ങളില്‍നിന്ന്് 143 റണ്‍സ് നേടിയ സച്ചിന് ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്തുതന്നെയായാലും ഇനിയുള്ള എല്ലാവരുടേയും കണ്ണുകള്‍ ഏഷ്യാകപ്പ് മത്സരത്തിലേക്കെന്നതിനേക്കാള്‍ സച്ചിന്‍ എന്ന പ്രതിഭയ്ക്കുമേലായിരിക്കുമെന്നതില്‍ സംശയമില്ല.

Malayalam news

Kerala news in English