ന്യൂദല്‍ഹി: ഇന്ത്യയില്‍ ഓരോ മുപ്പത്തിനാല് മിനുറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്നെന്ന് പഠന റിപ്പോര്‍ട്ട്. ഹ്യൂമണ്‍ റൈറ്റ്‌സ് എജുക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്നകാര്യം വ്യക്തമായത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തുകളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന ദ്വിദിന സെമിനാറിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യയില്‍ ഓരോവര്‍ഷവും 1.5 കോടി പെണ്‍കുട്ടികളാണ് ജനിച്ചുവീഴുന്നത്. ഇതിന്റെ നാലില്‍ ഒന്ന് പതിനഞ്ച് വയസ്സിന് മുകളിലെത്താറില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും പ്രസവത്തിന് മുന്‍പ് ലിംഗനിര്‍ണയം നടത്താനുള്ള സൗകര്യമുണ്ട്. ഇത് ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുട്ടികളെ കൊല്ലുന്നതിന് കാരണമാകുന്നു.

കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ- നിര്‍ഭാഗ്യമവശാല്‍ ഇന്ത്യയിലെ എല്ലാ നിയമങ്ങളും പുരുഷനാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പുരുഷനെ സഹായിക്കുന്നതരത്തിലുള്ളതാണ്.

ഇത്തരത്തില്‍ ഗാര്‍ഹിക, ലൈഗിക പീഡനങ്ങള്‍ക്കിരയായ യുവതികളുടെ അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു.