എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Friday 1st November 2013 11:24am

umman32

തിരുവനന്തപുരം:  കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.  പേരാവൂര്‍ സ്റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണ്  ശിവദാസന്‍.

വി.ഐ.പി സെക്യൂരിറ്റി ആയി നിയമിക്കുമ്പോള്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ പോലീസിന്റെ വീഡിയോ ഗ്രാഫറെക്കൂടി നിയോഗിക്കാറുണ്ട്.

ഇത്തരത്തില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്ന ദിവസം വാഹനവ്യൂഹത്തില്‍ വീഡിയോഗ്രാഫറായി നിയോഗിച്ചിരുന്നത് ശിവദാസനെയായിരുന്നു.

ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമികള്‍ ആരും തന്നെ ഇല്ലായിരുന്നു.

പകരം കുറേ കാലുകളും വാഹനത്തിന്റെ ടയറും സി.ഐ ഷാജിയുടെ ദൃശ്യങ്ങളുമാണ് കൂടുതലും ഉണ്ടായിരുന്നത്.

അത് ബോധപൂര്‍വമാണെന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്  ശിവദാസനെ സസ്‌പെന്‍ഡ്  ചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 27 നായിരുന്നു മുഖ്യമന്ത്രിക്കെതിരെ ആക്രമണം ഉണ്ടായത്.

പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇടതുപക്ഷം ഉപരോധസമരം നടത്തവേയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ വാഹനത്തിന്റെ തകര്‍ന്ന ചില്ല് തട്ടിമുഖ്യമന്ത്രിയുടെ മുഖം മുറിഞ്ഞിരുന്നു.

അതേസമയം കണ്ണൂര്‍ ഡി.സി.സി ഓഫീസിന് നേരെ ഇന്നലെ അര്‍ധരാത്രിയോടെ കല്ലേറുണ്ടായി.

കല്ലേറില്‍ ഓഫീസിന്റെ ജനലുകളും മറ്റും തകര്‍ന്നിരുന്നു.

കണ്ണൂര്‍ വിഷയത്തില്‍ പോലീസിന്റേത് ഇരട്ടസമീപനമാണെന്ന ആരോപണം കോണ്‍ഗ്രസിനുള്ളില്‍ നേരത്തേ ഉണ്ടായിരുന്നു.

സി.പി.ഐ.എമ്മിനെസംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന ആക്ഷേപവുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

Advertisement