ലണ്ടന്‍: ലോര്‍ഡ്‌സില്‍ കഴിഞ്ഞ ദിവസം പൊരുതിനേടിയ സെഞ്ചുറി ഒന്നരദശാബ്ദം നീളുന്ന തന്റെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും സംതൃപ്തി നല്‍കുന്ന ഇന്നിംഗ്‌സുകളിലൊന്നാണെന്ന് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങാനാവാഞ്ഞത് തന്റെ ഫോമില്‍ സംശയമുണര്‍ത്തിയെന്നും ദ്രാവിഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആറ് ഇന്നിംഗ്‌സുകളിലായി 120 റണ്‍സാണ് ദ്രാവിഡിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ രണ്ടു സെഞ്ചുറികളുമായി ഉജ്ജ്വല തിരിച്ച് വരവാണ് ഇന്ത്യന്‍ വന്‍മതില്‍ നടത്തിയത്. വിന്‍ഡീസ് പരമ്പരയില്‍ ജമൈക്കയില്‍ ദ്രാവിഡ് 116 റണ്‍സെടുത്തിരുന്നു. ഇന്നലെ ലോര്‍ഡ്‌സില്‍ പുറത്താകാതെ 103 റണ്‍സും കുറിച്ചു. ലോര്‍ഡ്‌സിലേത് ദ്രാവിഡിന്റെ 33-ാം ടെസ്റ്റ് സെഞ്ചുറിയാണ്. 34 സെഞ്ചുറികളുള്ള സുനില്‍ ഗവാസ്‌കറും 51 സെഞ്ചുറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമേ ശതകങ്ങളുടെ കാര്യത്തില്‍ ദ്രാവിഡിനു മുന്നിലുള്ളൂ.

ഒന്നര പതിറ്റാണ്ടു മുന്‍പ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മണ്ണില്‍ രാഹുല്‍ ദ്രാവിഡ് പുതിയൊരു റെക്കോഡിന് കൂടി ഉടമയായി.ടെസ്റ്റ് ക്രിക്കറ്റ് റണ്‍സ് സമ്പാദ്യത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ മറികടന്നു രണ്ടാമനാണിപ്പോള്‍ ഇന്ത്യയുടെ വന്‍മതില്‍. ഇന്നലെ നാല്‍പ്പത്തേഴാം ഓവറില്‍ ഇം ഗ്ലിഷ് സ്പിന്നര്‍ ഗ്രെയിം സ്വാനെ പോയിന്റ് ബൗണ്ടറി കടത്തിയാണ് ദ്രാവിഡ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.