ന്യൂ ഡല്‍ഹി: കൊതുകില്‍ നിന്ന് രക്ഷ നേടാന്‍ കൊതുകുതിരികള്‍ കത്തിക്കുന്നവര്‍ സൂക്ഷിക്കുക, നൂറ് സിഗരറ്റുകള്‍ക്ക് തുല്ല്യമായ വിഷ പുകയാണ് ഒരു കൊതുകുതിരി പുറത്തേക്ക് വിടുന്നത്. സുഗന്ധത്തിനനുസരിച്ച് കൊതുകുതിരികള്‍ തിരഞെടുക്കുന്ന ശ്രദ്ധിക്കുക, നിങ്ങളുടെ ശ്വാസകോശത്തെ സിഗരറ്റ് കാര്‍ന്ന് തിന്നുന്നതിനേക്കാള്‍ വേഗത്തില്‍ ഈ പുക ബാധിച്ചേക്കാം.

‘വായു മലിനീകരണവും നമ്മുടെ ആരോഗ്യവും’ എന്ന വിഷയത്തിന്‍മേലുള്ള സെമിനാറില്‍ ചസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സാല്‍വിയാണ് ഇക്കാര്യം പറഞ്ഞത്. മിക്ക ആളുകള്‍ക്കും ഈ വിവരം അറിയില്ല. കൊതുകുതിരികളിലെ പുക നമ്മുടെ ശ്വാസകോശങ്ങളെ ബാധിക്കുന്നുവെന്നതാണ് സത്യം. മലേഷ്യയില്‍ നടന്ന പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്-അദ്ദേഹം പറയുന്നു. ഇന്ത്യക്കാര്‍ ഈ വിവരം അറിയാത്തതിന്റെ പേരില്‍ ഇതിന്റെ ഉപയോഗം തുടരുകയാണ്. ഗവേഷണ ത്വരത ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മെഡിക്കല്‍ റിസെര്‍ച്ച് കൗണ്‍സിലായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്.

സെമിനാറില്‍ പങ്കെടുത്ത മറ്റു ഡോക്ടര്‍മാരും ആരോഗ്യ ഗവേഷകരും രാജ്യ തലസ്ഥാനത്തെ വാഹനപുക മലിനീകരണത്തെക്കുറിച്ചാണ് സംസാരിച്ചത്. ഓരോ വര്‍ഷവും അഞ്ചു വയസ്സിന് താഴെയുള്ള ഒരു മില്ല്യണ്‍ കുട്ടികള്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളാല്‍ മരിക്കുന്നുണ്ടെന്ന് ബദ്ര ഹോസ്പിറ്റലുകളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ സഞ്ജീവ് ബഗായ് പറയുന്നു.