എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധം: ഒരാള്‍ കൂടി പിടിയില്‍
എഡിറ്റര്‍
Saturday 26th May 2012 5:40pm

വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. പന്തക്കല്‍  പെരിയാടത്ത് അജേഷ് എന്ന കജൂറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

ചന്ദ്രശേഖരനെ വധിക്കാന്‍ 2010ല്‍ നടത്തിയ ഗൂഢാലോചനയില്‍ അജേഷും പങ്കാളിയായിരുന്നെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

രണ്ട് വര്‍ഷം മുമ്പ് പന്തക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ബാബു കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അജേഷ്. ഇതുള്‍പ്പെടെ രണ്ട് കൊലക്കേസുകളിലും 13 കേസുകളിലും പ്രതിയാണിയാള്‍.

ടി.പി വധത്തില്‍ സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗമുള്‍പ്പെടെ രണ്ടുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. തലശേരി ഏരിയ കമ്മിറ്റിയംഗം മാഹി ചൂടിക്കോട്ടയിലെ പുത്തലത്ത് പൊയില്‍ പി.പി രാമകൃഷ്ണന്‍, കോടിയേരി മൂഴിക്കല്‍ മാറോളി കാട്ടില്‍ പറമ്പത്ത് ആദി എന്നിവരാണ് അറസ്റ്റിലായത്.

ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച്, ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ പേരില്‍ ചോമ്പാല്‍ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതോടെയാണ് രാമകൃഷ്ണന്‍ അറസ്റ്റിലായത്.

നേരത്തേ അറസ്റ്റിലായ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറിയും സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ സി.എച്ച്. അശോകന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്‍ എന്നിവര്‍ ഗൂഢാലോചന നട ത്താന്‍ രാമകൃഷ്ണന്റെ വസതിയിലും എത്തിയതായി അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement