ലണ്ടന്‍:2012 ഒളിംമ്പിക്‌സില്‍ ജമേക്കയുടെ യുസൈന്‍ ബോള്‍ട്ടിന്റെ പ്രകടനം കാണാന്‍ 1 മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. അത്‌ലറ്റിക്‌സിലെ ഗ്ലാമര്‍ ഇനമായ 100മീറ്റര്‍ ഫൈനലിനാണ് ഈ ടിക്കറ്റുകള്‍ ബുക് ചെയ്തിരിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിനും പ്രതീക്ഷിച്ചതിലധികം ആളുകളുണ്ടാവുമെന്നാണ് കരുതുന്നത്. കണക്ക് കൂട്ടിയതിനേക്കാള്‍ ഏഴ് മടങ്ങ് അധികം പേരാണ് ഉദ്ഘാടന ചടങ്ങിലെ ടിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

100മീറ്റര്‍ ഫൈനല്‍ കാണാന്‍ 40,000 സീറ്റുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്കായി ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ബുക്ക് ചെയ്തതില്‍ 25ല്‍ ഒരാള്‍ക്ക് മാത്രമേ മത്സരം കാണാന്‍ അവസരം ലഭിക്കുകയുള്ളൂ. യുസൈന്‍ ബോള്‍ട്ട്, ട്രിപ്പിള്‍ ജംപില്‍ ലോകചാമ്പ്യനായിരുന്ന ഫിലിപ്പ് ഇഡോവു, 400മീറ്റര്‍ ഫൈനല്‍ എന്നിവ കാണാനാണ് കൂടുതല്‍ ആളുകള്‍ താല്‍പര്യപ്പെടുന്നത്.

ജൂലൈ 27ലെ ചടങ്ങ് കാണാനായുള്ള അപേക്ഷ 2മില്യണെങ്കിലുമുണ്ടാവുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇത് ശരിയായാല്‍ 70 ല്‍ ഒരാള്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കുള്ളൂ. ഉദ്ഘാടനചടങ്ങ് കാണാന്‍ 30,000 സീറ്റുകളാണ് പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്. 20.12പൗണ്ടിന്റെ ഗോള്‍ഡന്‍ ടിക്കറ്റ് കിട്ടാനുള്ള സാധ്യത അതിനാല്‍ കൂടുകയും ചെയ്യും.

എല്ലാം കൂടി കണക്കുകൂട്ടുകയാണെങ്കില്‍ 6.6മില്യണ്‍ സീറ്റുകള്‍ക്കുവേണ്ടി 20മില്യണ്‍ ടിക്കറ്റ് അപേക്ഷകളാണ് വന്നിട്ടുള്ളത്.