LAW-academy
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് (64) മരിച്ചത്. ഇന്ന് വൈകീട്ട് അക്കാദമിക്ക് സമീപം സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ സമരപന്തലിന് സമീപത്ത് കൂടെ നടന്നു പോകുമ്പോള്‍ സംഘര്‍ഷത്തില്‍പ്പെടുകയായിരുന്നു.

മൃതദേഹം പേരൂര്‍ക്കട പുനര്‍ജ്ജനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അക്കാദമിക്ക് സമീപം മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എ.ബി.വി.പി പ്രവര്‍ത്തകനെ താഴെയിറക്കുന്നതിനിടെ കോണ്‍ഗ്രസ് സമരപന്തലിന് സമീപം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പെട്രൊളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനെ ചെറുക്കാനായി ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായിരുന്നത്.

ചിതറിയോടിയ ജബ്ബാര്‍ കുഴഞ്ഞുവീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ച് അധികസമയം കഴിയും മുമ്പേ മരണം സംഭവിച്ചിരുന്നു.
സംഘര്‍ഷത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സംഭവം അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.

പൊലീസ് നടപടിയുടെ ഭാഗമായാണ് ജബ്ബാര്‍ കുഴഞ്ഞ് വീണതും മരിച്ചതെന്ന് ആരോപിച്ച സുധീരന്‍ പൊലീസ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്നും പറഞ്ഞു. പൊലീസ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നുവെന്നും സുധീരന്‍ ആരോപിച്ചു.

അതേസമയം, പൊലീസ് സംഭവ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് ബി.ജെ.പി ആരോപിച്ചു.