കൊച്ചി: സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് യുവനടിയില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി കിരണ്‍കുമാര്‍ ആണ് അറസറ്റിലായത്.

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ യുവനടി ഏറണാകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ നടിയോട് 75ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.

ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജര്‍ ആയിരുന്ന കിരണിന് നടിയുമായി ചെറിയ പരിചയമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. നടിയുടെ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് തിരികെ ലഭിക്കാന്‍ പണം നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.


Must Read: മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്


കിരണ്‍ തന്നെയാവാം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നിലെന്ന് നടി പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തന്നെയാണ് ഇതിനു പിന്നില്‍ എന്ന് പൊലീസിനു ബോധ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് കിരണിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടിയുടെ പേരും സ്‌ക്രീന്‍ഷോട്ടുകളുമുള്‍പ്പെടെ നല്‍കി വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടി ഈ പോര്‍ട്ടലുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കി പരാതിയുമായി മുന്നോട്ടുപോയത്. വാര്‍ത്ത പ്രചരിപ്പിച്ചപോര്‍ട്ടലുകള്‍ക്കെതിരെയും കേസുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍