വടകര: കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ ഒഞ്ചിയം സമരത്തിലെ ഒരു പോരാളി കൂടി വിടവാങ്ങി. ഒഞ്ചിയം സമര സേനാനി മനക്കല്‍ താഴെക്കുനി ഗോവിന്ദന്‍ ആണ് അന്തരിച്ചത്. 79 വയസ്സായിരുന്നു അദ്ദേഹത്തിന്. ഒഞ്ചിയം പോരളികളില്‍ ജീവിച്ചിരിക്കുന്ന മറ്റു രണ്ട് പേരോടൊപ്പം മനക്കല്‍ താഴെക്കുനി ഗോവിന്ദനും അടുത്തിടെ സി.പി.ഐ.എം വിട്ട് ഒഞ്ചിയം റവലൂഷണറി മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

ഒഞ്ചിയം സമരകാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് മനക്കല്‍താഴക്കുനി ഗോവിന്ദന്‍. നേതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

കമ്മ്യണിസ്റ്റ് പാര്‍ട്ടി നിരോധനം നേരിട്ടിരുന്ന 1948 എപ്രീല്‍ 3ന് രഹസ്യ യോഗം നടത്തിയിരുന്ന സ്ഥലത്ത് നിന്ന് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നാണ് ഒഞ്ചിയം സംഭവത്തിന്റെ തുടക്കം. നേതാക്കളെ തേടിയെത്തിയ പേലീസ് പടിഞ്ഞാറ്റോടി കണ്ണന്റെ അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തതോടെ ജനക്കൂട്ടം രോഷകുലരായി. അറസ്റ്റ് ചെയ്തവരെ വിട്ടക്കണമെന്ന ആവശ്യമുയര്‍ത്തിയ നാട്ടുകാര്‍ക്ക് നേരെ പോലീസ് വെടിവെക്കുകയായിരുന്നു.