കോഴിക്കോട്: വിമതപ്രവര്‍ത്തകരുടെ ശക്തി കേന്ദ്രമായ ഏറാമല, ഒഞ്ചിയം മേഖലകളില്‍ സി.പി.ഐ.എമ്മിന് വന്‍ തിരിച്ചടി. ഒഞ്ചിയം പഞ്ചായത്തിലേക്ക് സി.പി.ഐ.എം വിമതരുടെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക് നീങ്ങുകയാണ്. ഫലമറിഞ്ഞ 11 വാര്‍ഡുകളില്‍ ഏഴിടത്തും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിജയിച്ചു. ഒരു സീറ്റില്‍ യു.ഡി.എഫും ജയിച്ചു. മൂന്ന് സീറ്റില്‍ മാത്രമാണ് സി.പി.ഐ.എമ്മിന് ജയിക്കാനായത്. ഇവിടെ ആകെ 17 വാര്‍ഡുകളാണുള്ളത്. രണ്ട് വാര്‍ഡുകളില്‍ കൂടി ജയിക്കാനായാല്‍ വിമതര്‍ക്ക് ഒറ്റക്ക് മത്സരിക്കാനാകും.

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് കുത്തകയാക്കി വെച്ചിരുന്ന ഏറാമലയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫലമറിഞ്ഞ 12 സീറ്റുകളിലും യു.ഡി.എഫാണ് വിജയിച്ചത്. വിമത പ്രവര്‍ത്തനമാണ് സി.പി.ഐ.എം ആധിപത്യം തകര്‍ത്ത് യു.ഡി.എഫിന് വിജയം സാധ്യമാക്കിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കളിത്തൊട്ടിലായ ഒഞ്ചിയത്ത് സി.പി.ഐ.എം കമ്മ്യൂണിസത്തിന്റെ നന്മകള്‍ കയ്യൊഴിഞ്ഞപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചടിക്കുകയായിരുന്നുവെന്ന് റവല്യൂഷണറി നേതാവ് ടി.പി ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ ജയം ഭാവി കേരളം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.