നാദാപുരം: ക്ഷേത്രത്തിലെ തിറമഹോത്സവത്തിനിടെ തെയ്യം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം ഓണംനാളില്‍ ഓണത്തപ്പനായി വേഷമിട്ട് വീടുകള്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ബി.ജെ.പിക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരായായ സജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അന്നത്തെ സംഭവത്തിന് പിന്നാലെ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ സജേഷിനെതിരെ നാദാപുരം പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍നിന്ന് വാറണ്ടുള്ളതിനാലാണ് ക്ഷേത്രോത്സവത്തിനിടെ സജേഷിനെ അറസ്റ്റ് ചെയ്തത്.

ഓണപ്പൊട്ടനായെത്തിയ സജേഷ് വീട്ടില്‍കയറി അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി അനുഭാവിയായ വീട്ടമ്മയായിരുന്നു പരാതി നല്‍കിയത്. ഈ പരാതിയില്‍ സജേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാത്തതിനെതിരെ ബി.ജെ.പിക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സജേഷിനെ അറസ്റ്റ് ചെയ്യുന്നത്.

ഇന്നലെ കല്ലാച്ചി ഉണ്ണ്യംനാട്ടില്‍ ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു സംഭവം. തിറമഹോത്സവത്തിന് തെയ്യംകെട്ടാന്‍ വന്ന സജേഷിനെ നാദാപുരം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

സജേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തെയ്യം കലാകാന്‍മാരും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എന്നാല്‍ വാറണ്ട് കേസില്‍ പിടികൂടിയ പ്രതിയെ വിട്ടയയ്ക്കുന്ന പ്രശ്നമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു പോലീസ്.

ഉപരോധംനടത്തുന്ന ഡി.വൈ.എഫ്.ഐ.ക്കാരെയും തെയ്യം കലാകാരന്മാരെയും അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുമെന്ന് പൊലീസ് നിലപാടെടുത്തു.

തുടര്‍ന്ന് സി.പി.ഐ.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി പ്രശ്നം ചര്‍ച്ചചെയ്തു. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ആരും എതിരു നിന്നിട്ടില്ലെന്നും തെയ്യം കലാകാരനെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്നും നേതാക്കള്‍ പൊലീസുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പിന്നാലെ സജേഷിനെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സജേഷിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

നാദാപുരം എസ്.ഐ സംഘപരിവാറിന്റെ പ്രാന്തപ്രചാരകനായി മാറുകയാണെന്നും ഒളിവില്‍ പോകാത്ത പ്രതിയെ ക്ഷേത്രത്തിലെത്തി അറസ്റ്റ് ചെയ്തത് ശരിയായ നടപടിയല്ലെന്നും സി.പി.ഐ.എം ഏരിയാ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു.


Dont Miss തിരൂരില്‍ രണ്ടു സി.പി.ഐ.എം പ്രവര്‍ത്തകരെ ബസില്‍ കയറി വെട്ടി


ഓണപ്പൊട്ടനായി വേഷമിട്ട സജേഷിനെ ജാതിപ്പേര് വിളിച്ച് മര്‍ദിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തില്‍ അന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവോണ നാളില്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായായിരുന്നു തെയ്യം കലാകാരനായ നാദാപുരം ചിയ്യൂരിലെ സജേഷിനെ ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

വിഷ്ണു മംഗലം അത്തിയോട്ട് ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം. ഓണപ്പൊട്ടനായി ഒറ്റ മലയന്റെ മോനും ഇവിടെ കോലം കെട്ടേണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. നിലത്തുവീണ സജേഷിനെ സംഘം ക്രൂരമായി നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

ഓണപ്പൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും വന്നാല്‍ വാതിലുകള്‍ തുറക്കരുതെന്നും ബി.ജെ.പിക്കാര്‍ വീടുകള്‍ തോറും കയറി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഓണപ്പൊട്ടന്‍ വേഷം കെട്ടി വീടുകള്‍ സന്ദര്‍ച്ചതായിരുന്നു ബി.ജെ.പിക്കാരെ പ്രകോപിപ്പിച്ചതെന്ന് സജേഷ് പറഞ്ഞിരുന്നു.