എഡിറ്റര്‍
എഡിറ്റര്‍
ഓണപ്പറമ്പ് മദ്രസ തീവെപ്പ്: ഖത്തീബടക്കം ലീഗ്-ഇ.കെ വിഭാഗക്കാര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 23rd January 2014 6:48am

arrest

തളിപ്പറമ്പ്: മുസ്ലിം ലീഗ്-ഇ.കെ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കൊട്ടില ഓണപ്പറമ്പ് മദ്രസ കത്തിച്ച കേസില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട പള്ളി ഖത്തീബടക്കമുള്ള പ്രതികള്‍ പിടിയില്‍.

ഓണപ്പറമ്പ് ജുമാ മസ്ജിദിലെ ഖത്തീബും ഇതേ മദ്രസയിലെ തന്നെ അദ്ധ്യാപകനുമായ കെ.യു. മുസ്തഫ മൗലവി, എസ്.കെ.എസ്.എസ്.എഫ് പഞ്ചായത്ത് ഭാരവാഹി കെ.യു. സുഹൈല്‍ എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മുസ്തഫ മൗലവിയെ ഓണപ്പറമ്പ് ടൗണില്‍ വെച്ചും വിദേശത്തേക്ക് കടന്ന സുഹൈലിനെ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. അബൂദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി മംഗലാപുരത്തെത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മംഗലാപുരത്തെത്തി സുഹൈലിനെ അറസ്റ്റ് ചെയ്തത്.

മുസ്ലിം ലീഗ്-ഇ.കെ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കൊട്ടില ഓണപ്പറമ്പ് നൂറുല്‍ ഇസ്ലാം മദ്രസക്ക് തീവെച്ചത് 2013 ഒക്ടോബര്‍ 18ന് പുലര്‍ച്ചെയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ എ.പി വിഭാഗം സുന്നികളാണെന്ന് കാണിച്ച് അഞ്ച് എ.പി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത്  മഹല്ല് പ്രസിഡന്റ് എം.കെ. അബ്ദുല്‍ കരീം മാസ്റ്റര്‍ പോലീസില്‍ പരാത്‌പ്പെട്ടിരുന്നു. എ.പി വിഭാഗക്കാരെ കേസില്‍ പെടുത്തുന്നതോടൊപ്പം അവരുടെ മദ്രസകള്‍ക്ക് തീവെക്കാനും പദ്ധതിയുണ്ടെന്നായിരുന്നു അന്വേഷണത്തിലൂടെ വ്യക്തമായത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ്. സുദര്‍ശന്‍, സി.ഐ. എ.വി. ജോണ്‍, പഴയങ്ങാടി എസ്.ഐ. ഇ.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ശാസ്ത്രീയമായ രീതിയിലൂടെ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് ഇ.കെ വിഭാഗം നേതാവ് തകൃതി മുഹമ്മദിനേയും പി.പി. യൂനുസിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒക്‌റ്റോബര്‍ 12ന് പഴയ മുസ്ഹഫുകള്‍ മദ്രസയില്‍ കുട്ടികളോട് എത്തിക്കാനാവശ്യപ്പെട്ടത് മദ്രസ സദറും പള്ളി ഖത്തീബും സംഘടനയുടെ പ്രസിഡന്റുമായ കെ.യു. മുസ്തഫ മൗലവിയാണ്.

കേസിലുള്‍പ്പെട്ട അതീഖ്, കെ.വി. യൂനുസ് എന്നിവരെ ഇനിയും പിടികൂടാനുണ്ട്.

എ.പി വിഭാഗം സുന്നികളുടെ ഓണപ്പറമ്പിലെ സലാമത്തെ പള്ളിയും മദ്രസയും ആഗസ്റ്റ് 15ന് ഇ.കെ സുന്നിയും ലീഗുകാരും ചേര്‍ന്ന് കത്തിച്ചിരുന്നു. ഈ കേസില്‍ സുഹൈലുള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ റിമാന്റിലാണ്. ഈ കേസ് കോടതിയിലെത്തുമ്പോള്‍ വിലപേശലിനും കൗണ്ടര്‍ കേസിനുമാണ് ഇ.കെ വിഭാഗം നൂറുല്‍ ഇസ്ലാം മദ്രസ കത്തിച്ചത്.

Advertisement