തിരുവനന്തപ്പുരം: ഓണത്തിന് സാധാരണ മലയാളിക്ക് കുടുംബ സമേതം ഒരു പടം നിര്‍ബന്ധമാണ്. പക്ഷേ ഇത്തവണ അതിനുള്ള ഭാഗ്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം, തിരുവോണത്തിന്റെ തലേ ദിവസം മുതല്‍ കേരളത്തിലെ തിയ്യറ്ററുകള്‍ അടച്ചിടുകയാണ്.

കേരളത്തിലെ 90 തിയ്യറ്ററുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓള്‍ കേരള എക്‌സിബിറ്റേഴ്‌സ് അസ്സോസിയേഷന്റേതാണ് തീരുമാനം. നഗരങ്ങളില്‍ സിനിമകള്‍ റിലീസ് ചെയ്ത് ഗ്രാമപ്രദേശങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാജ പ്രിന്റുകള്‍ വ്യാപകമാകുകയാണ്. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റിലും വ്യാജ സിഡികളിലുമായി പുറത്തിറങ്ങി തിയ്യറ്ററുകള്‍ക്ക് നഷ്ടം വരുത്തുന്നതിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം.

യൂ ട്യൂബില്‍ പുതിയ മലയാളം റിലീസുകള്‍ വന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ ഉടന്‍ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്നില്ലെങ്കില്‍ ഇത്തവണ മലയാളിയുടെ ഓണാഘോഷം ടി.വിക്ക് മുന്‍പില്‍ ഒതുങ്ങും.