എഡിറ്റര്‍
എഡിറ്റര്‍
ഓണം ആഘോഷിക്കാന്‍ തിയേറ്ററുകളും റെഡി
എഡിറ്റര്‍
Tuesday 28th August 2012 11:35am

ഓണം, റംസാന്‍ സീസണ്‍ സിനിമകളുടെയും കൂടി ആഘോഷകാലമാണ്. ഓണത്തെ വരവേല്‍ക്കാന്‍ തിയേറ്ററുകളും മിനിസ്‌ക്രീനുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളും റീമേക്ക് ചിത്രങ്ങളുമെല്ലാം ഓണത്തിന് സജീവമാണ്. ചില ചിത്രങ്ങള്‍ ഇതിനകം തന്നെ പൂറത്തിറങ്ങി. മറ്റുള്ളവ ഓണദിവസവും പിറ്റേന്നുമൊക്കെയായി തിയേറ്ററുകളിലെത്തും.

ഓണച്ചിത്രങ്ങളുടെ കൂട്ടത്തിലുള്ള താപ്പാന, ഫ്രൈഡേ, മിസ്റ്റര്‍ മരുമകന്‍, ഗജപോക്കിരി എന്നിവ ഇതിനകം തന്നെ തിയ്യേറ്ററുകളിലെത്തിക്കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം റണ്‍ബേബി റണ്‍ ആഗസ്റ്റ് 29ന് തിയേറ്ററുകളിലെത്തും.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഓണച്ചിത്രമാണ് താപ്പാന. ആഗസ്റ്റ് 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ചാര്‍മിയാണ് നായിക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിക്കപ്പെട്ട സാംസണ്‍ എന്ന കള്ളനെയാണ് താപ്പാനയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മല്ലികയെന്ന കഥാപാത്രത്തെയാണ് ചാര്‍മി അവതരിപ്പിക്കുന്നത്. തികച്ചും അപരിചിതരായി ജയിലിന് പുറത്തിറങ്ങുന്ന ഇവര്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ച് നീങ്ങേണ്ടിവരുന്നു. ഇരുവരേയും കാത്തിരിക്കുന്നത് മല്ലികയുടെ ഭൂതകാലത്തിന്റെ അസന്തുഷ്ടമായ അവശിഷ്ടങ്ങളായിരുന്നു. മുരളി ഗോപി, സുരേഷ് കൃഷ്ണ, വിജയരാഘവന്‍ തുടങ്ങിയവരാണ് താപ്പാനയിലെ മറ്റ് താരങ്ങള്‍.

യുവതാരം ഫഹദ് ഫാസില്‍ മെട്രോ ബോയ് ഇമേജില്‍ നിന്ന് മാറി ഓട്ടോ ഡ്രൈവറായെത്തുന്ന ചിത്രമാണ് ഫ്രൈഡേ. നജീം കോയയുടെ തിരക്കഥയില്‍ നവാഗതനായ ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ആലപ്പുഴ പട്ടണത്തിലും സമീപ്രദേശങ്ങളിലുമായി ഒരു ദിവസം നടക്കുന്ന വ്യത്യസ്ത സംഭവങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുകയാണ് ഫ്രൈഡേയില്‍. നെടുമുടി വേണു, ഫഹദ് ഫാസില്‍, ആന്‍ അഗസ്റ്റിന്‍, മനു, വിജയരാഘവന്‍, ടിനി ടോം, സീന ജി നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ജനപ്രിയ നടന്‍ ദിലീപിന്റെ ഓണചിത്രമാണ് മിസ്റ്റര്‍ മരുമകന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കി തയ്യാറാക്കിയ ഈ ചിത്രം ആഗസ്റ്റ് 18നാണ് തിയ്യേറ്ററുകളിലെത്തിയത്. ബാലതാരമായി ശ്രദ്ധ നേടിയ സനുഷ മലയാളത്തില്‍ നായിക വേഷത്തിലെത്തുന്ന ആദ്യചിത്രമാണ് മിസ്റ്റര്‍ മരുമകന്‍.

കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഉദയകൃഷ്ണ-സിബി കെ.തോമസ് ടീം തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന മിസ്റ്റര്‍ മരുമകന്‍ സംവിധാനം ചെയ്യുന്നത് സന്ധ്യാമോഹനാണ്. തമിഴ്‌നാടന്‍ ഭാഗ്യരാജ് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. ഖുശ്ബുവും ഷീലയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, റിയാസ് ഖാന്‍, ബാബുരാജ്, മല്ലിക, മേഘാനായര്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്ണാണ് മോഹന്‍ലാലിന്റെ ഇത്തവണത്തെ ഓണച്ചിത്രം. കോമഡി ആക്ഷന്‍ ത്രില്ലര്‍ എന്ന ലേബലിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അമലാ പോളാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്. ആഗസ്റ്റ് 29ന് ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

റീമേക്ക് ചിത്രങ്ങളിലൂടെ യുവപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി അല്ലു അര്‍ജുന്റെ ഗജപോക്കിരിയും ഇത്തവണത്തെ ഓണച്ചിത്രങ്ങളുടെ ഗ്രൂപ്പിലുണ്ട്. തെന്നിന്ത്യന്‍ നടി ഇല്ല്യാന നായികയായ ചിത്രം ആഗസ്റ്റ് 17നാണ് തിയ്യേറ്ററുകളിലെത്തിയത്. കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഗജപോക്കിരി വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. മുന്‍ അല്ലു അര്‍ജുന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് ഗജപോക്കിരിക്ക് തകര്‍ക്കാനാകുമോയെന്നേ ഇനി കണ്ടറിയേണ്ടതുള്ളൂ. ഖാദര്‍ ഹസ്സനാണ് ചിത്രം മോളിവുഡിലേക്ക് റീമേക്ക് ചെയ്തത്.

സേതുവിന്റെ ദേശത്തിന്റെ വിജയം എന്ന ചെറുകഥയെ ആസ്പദമാക്കി ജോ ചാലിശ്ശേരി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമായ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം ആഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തും.

ശ്രീനിവാസനും നിവിന്‍ പോളിയുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇനിയയും രാജശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍.

സ്‌കൂള്‍ അധ്യാപകനായ മാധവന്‍ കുട്ടിയെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മുരളിയായി നിവിന്‍ പോളിയുമെത്തുന്നു. ഇന്നസെന്റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, എന്‍.എല്‍. ബാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, കെ.പി.എ.സി. ലളിത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദും മോഹന്‍ സിത്താരയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Advertisement