ചുരുക്കെഴുത്ത്/ ബാബു ഭരദ്വാജ്

ഓണം കഴിഞ്ഞു. പെരുന്നാളും കഴിഞ്ഞു. ഓണത്തെ മലയാളിയുടെ ദേശീയ ഉത്സവമായി വാഴ്ത്തി. റമദാനെ ത്യഗത്തിന്റെയും ഭക്തിയുടെയും മാസമെന്നും പെരുന്നാളിനെ ത്യാഗ മാസത്തിനൊടുവിലെ ആഹ്ലാദത്തിന്റെ പിറന്നാളെന്നും പാടിപ്പുകഴ്ത്തി. ഇനി പുതിയൊരുത്സവത്തിന്റെ കാത്തിരിപ്പിലാണ് നമ്മള്‍. നമ്മളെല്ല, വ്യാപാര ലോകം. എല്ലാ ഉത്സവങ്ങളും അനുഷ്ഠാനങ്ങളും വ്യാപാര ഉത്സവങ്ങളാകുന്ന ഈ ആഗോള പരിതസ്ഥിതിയില്‍ ജനങ്ങളുടെ കാത്തിരിപ്പ് കോര്‍പ്പറേറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ പ്രതീക്ഷകളുടെ അതിരുകള്‍ ചുരുങ്ങുന്നത് കൊണ്ടാണോ ഇങ്ങിനെ സംഭവിക്കുന്നത്? പ്രതീക്ഷിക്കാനൊന്നും വകയില്ലാത്തതു കൊണ്ടല്ല. പ്രതീക്ഷയെ നമ്മള്‍ വേലി കെട്ടി വളച്ചു എന്നു പറയുന്നതാകും ശരി.

ഉന്നതവും ശ്രേഷഠവും മാനവികവും ആയ പ്രതീക്ഷകള്‍ക്കെല്ലാം നമ്മളിന്ന് അവധി കൊടുക്കാന്‍ പരിശീലിച്ചു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ‘ഞാനും എന്റെ കുടുംബവും പിന്നെ ഒരു പൊന്‍പണിക്കാരനും’ മാത്രമുള്ള ഒരു സങ്കുചിത ലോകത്തിലേക്ക് നമ്മള്‍ പിന്‍വലിഞ്ഞു കൊണ്ടിരിക്കുന്നു. നമ്മളെല്ലാവരും കോര്‍പറേറ്റുകള്‍ വളര്‍ത്തുന്ന വീട്ടു മൃഗങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ടി.വി പോലോത്ത ദൃശ്യമാധ്യമങ്ങളും ഉല്‍പാദിപ്പിക്കുന്ന വളരെ കൃത്രിമവും സങ്കുചിതവുമായ ഒരു ലാവണ്ണ്യ ശാസ്ത്രം നമ്മുടെ സ്വപ്‌നങ്ങളുടെ നൈസര്‍ഗ്ഗികതയും നമ്മുടെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ബഹുസ്വരതയെയും കവര്‍ന്നെടുത്തു കഴിഞ്ഞിരിക്കുന്നു. വ്യാപര ചന്തകളിലും ഇരിപ്പു മുറികളിലെ കൊച്ചു പെട്ടികളിലും നമ്മളിപ്പോള്‍ അടച്ചിടപ്പെട്ടിരിക്കുന്നു. ഉപഭോക്താവുക എന്നതായിരിക്കുന്നു നമ്മുടെയെല്ലാം ജീവിത ലക്ഷ്യം. അത്‌കൊണ്ട് തന്നെ ടി.വി ചാനലുകള്‍ ആഘോഷിക്കുന്ന ഉത്സവങ്ങളാകുന്നു നമ്മുടെ ജീവിതങ്ങള്‍. നമ്മുടെ സമരങ്ങള്‍ പോലും ചാനലുകള്‍ ആഘോഷിക്കുന്നില്ലെങ്കില്‍ പിന്നെന്താഘോഷം? എന്തു സമരം?

ഓണവും പെരുന്നാളും സിനിമാ മയമാക്കാന്‍ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ വല്ലാതെ പാടുപെടുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അങ്ങിനെയൊരു ഓണവും പെരുന്നാളും ഉണ്ടോ? നമ്മള്‍ വിചാരിച്ചതിനേക്കാളൊക്കെ വേഗത്തില്‍ ‘അയല്‍ സംസ്ഥാനമായി ചിന്തയിലും പ്രവൃത്തിയിലും മറിക്കൊണ്ടിരിക്കുകയാണോ?. സിനിമയെന്ന കലയോടും സിനിമയെന്ന വിനോദത്തോടുമുള്ള അഭിനിവേശമാണോ ഈ പ്രണയത്തിന് കാരണം. ആയിരിക്കില്ല. കൂടുതല്‍ പണം ഉണ്ടാക്കുകയും കൂടുതല്‍ പ്രശസ്തരാവുകയും ചെയ്യുന്നവരാണ് എന്ന ആരാധനയില്‍ നിന്നുണ്ടാകുന്നതായിരിക്കണം. ചുരുക്കത്തില്‍ പണത്തെ തന്നെ ആയിരിക്കണം ജനങ്ങള്‍ ആരാധിക്കുന്നത്. ശ്രീ പത്മനാഭന്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ശ്രീ കോവിലിന് ചുവടെയുള്ള നിലവറകളില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുണ്ടെന്ന് അറിഞ്ഞപ്പോഴാണല്ലോ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് തിരക്ക് കൂടിയത്. അപ്പോള്‍ ആരെ ദര്‍ശിക്കാനാണ് ജനങ്ങള്‍ ഭക്തി മാര്‍ഗ്ഗത്തിലൂടെ യാത്രയാകുന്നത്. പണം ദൈവത്തെ വണങ്ങാനായിരിക്കണം തീര്‍ത്ഥാടനം.

ഈ ഉത്സവനാളുകളില്‍ തന്നെയാണ് പലവിധ രാഷ്ട്രീയ നാടകങ്ങളും കാണാന്‍ നമുക്ക് കഴിഞ്ഞത്. ജീവിതത്തില്‍ നിന്ന് നാടകവും കലയുമൊക്കെ ഒഴിഞ്ഞ് പോകുമ്പോള്‍ രാഷ്ട്രീയക്കാരെങ്കിലും അത് നികത്തേണ്ടേ?

ഈ ഉത്സവങ്ങള്‍ക്കെല്ലാം വളരെ വൈകി ഞങ്ങള്‍ ആശംസകള്‍ നേരാന്‍ കാരണം ഉത്സവ ചന്തകളൊക്കെ പിരിഞ്ഞോട്ടെ എന്നു കരുതിയാണ്.