മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. വാമനന്റെ വേഷത്തിലെത്തിയ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലിയുടെ സ്മരണയുമായാണ് മലയാളി ഓണം ആഘോഷിക്കുന്നത്. മാവേലി മലയാള നാട് കാണാനിറങ്ങുന്ന സുദിനമാണ് തിരുവോണം.

മാവേലിത്തമ്പുരാന്‍ വിരുന്നെത്തുന്ന ദിവസമായ തിരുവോണത്തിന് അരിമാവുകൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പന് നേദിക്കണം. പൂവടയും പഴം നുറുക്കുമാണ് ഓണത്തപ്പന് പ്രധാനം.

രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രധാനമന്ത്രി ഡോ മന്‍മോഹന്‍  സിംങും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. വര്‍ണങ്ങളും വൈവിധ്യവും നിറഞ്ഞ വിളവെടുപ്പിന്റെ ഈ ഉത്സവവേള രാജ്യമൊട്ടാകെ ഐശ്വര്യവും നാനാമുഖമായ സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ഓണത്തിന്റെ മനോഹാരിത അതിന്റെ മതേതര പാരമ്പര്യത്തിലാണെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.