എഡിറ്റര്‍
എഡിറ്റര്‍
വനിതാ ദിനത്തില്‍ സാനിറ്ററി നാപ്കിനുകളുടെ നികുതി കുറച്ച് ആം ആദ്മി സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 8th March 2017 11:52pm

 

ന്യൂദല്‍ഹി: വനിതാ ദിനത്തില്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതിയിളവ് നല്‍കി ദല്‍ഹി സര്‍ക്കാര്‍. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനു തന്നെയാണ് സ്ത്രീകളുടെ ആരോഗ്യ പരിപാലനം ലക്ഷ്യം വച്ച് നാപ്കിനുകള്‍ക്ക് നികുതിയിളവ് വരുത്താന്‍ ദല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.


Also read അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് മാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 14.5 കോടിയില്‍ നിന്ന് 330 കോടിയായി 


ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി നാപ്കിനുകള്‍ക്ക് നികുതിയിളവ് ഏര്‍പ്പെടുത്തിയ വിവരം നിയമസഭയില്‍ അറിയിച്ചത്. 12.5 ശതാനമായിരുന്ന നാപ്കിനിന്റെ നികുതി 5 ശതമാനത്തിലേക്കാണ് ആം ആദ്മി സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിലവില്‍ 20രൂപയായ നാപ്കിനുകള്‍ക്ക് 5ശതമാനം വിലയിളവാകും പുതിയ ബഡ്ജറ്റ് പ്രകാരം ലഭിക്കുക.

ദല്‍ഹി സര്‍ക്കാരിന്റെ ‘കിഷോരി യോജന’ പദ്ധതി പ്രകാരം സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ഏഴു ലക്ഷത്തോളം വിദ്യാര്‍ത്ഥിനികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി നാപ്കിനുകള്‍ വിതരണം ചെയ്യുന്നത്.

വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എന്‍.ജി.ഒകളുടെ സഹായത്തോടെ ബോധവല്‍ക്കരണ ക്ലാസുകളും വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും കൗണ്‍സിലിങ് ക്ലാസുകള്‍ ഏര്‍പ്പെടുത്തുന്നതിനും കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്.

Advertisement