പുതുമയുടെ ഈണങ്ങള്‍ കോര്‍ത്തിണക്കി ഗാനമൊരുക്കി ശ്രോതാക്കളുടെ കാതുകളില്‍ തേന്‍മഴ പെയ്യിച്ച പ്രശസ്ത സംഗീതസംവിധായകന്‍ ഹാരീസ് ജയരാജ് സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായി. 2001ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രമായ ‘ മിന്നലെ’യിലെ വസീഗരാ എന്ന പാട്ടിലൂടെയാണ് ഹാരീസ് സംഗീത പ്രേമികളുടെ ഹൃദയത്തില്‍ കൂട് കൂട്ടിയത്.

അതിന് ശേഷം നിരവധി സിനിമകളിലൂടെ നൂറിലധികം മെലഡികള്‍ ഹാരീസ് സമ്മാനിച്ചു. തമിഴിന് പുറമെ ഹിന്ദി സിനിമകള്‍ക്കും തെലുങ്ക് സിനിമകള്‍ക്കും ഹാരീസ് സംഗീതമെരുക്കി. സംവിധായകന്‍ ഗൗതം മേനോന്റെ ചിത്രങ്ങള്‍ക്കായി ഹാരിസ് ഒരുക്കിയ പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകളാണ്.

മിന്നലെക്ക് ശേഷം ഗൗതം മേനോന്റെ കാക്ക കാക്ക, വേട്ടയാട് വിളയാട്, പച്ചക്കിളി മുത്തുച്ചരം തുടങ്ങി ഏറ്റവും ഒടുവിലത്തെ ചിത്രമായ ‘വാരണം ആയിരം’ വരെയുള്ള സിനിമകളിലെ പാട്ടുകള്‍ വളരെ പ്രശസ്തമാണ്. സിനിമാ സംഗീത സംവിധായകനായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ നേരിട്ട് കാണാനായി ലോക ടൂറിന് ഒരുങ്ങുകയാണ് ഹാരിസ്.

‘ഹാരിസ് ഓണ്‍ ദ എഡ്ജ്’ എന്ന് പേരിട്ടിരിക്കുന്ന സ്‌റ്റേജ് പ്രോഗാമിന് ഒക്ടോബര്‍ രണ്ടിന് ചെന്നൈയില്‍ തുടക്കം കുറിക്കും. ചെന്നൈക്ക് പുറമെ കോയമ്പത്തൂര്‍ (ഒക്ടോബര്‍ 16) ഹൈദരാബാദ് (ഒക്ടോബര്‍ 22) ദുബൈ(നവംബര്‍ 18) ക്വാലാംലംപൂര്‍ (ഡിസംബര്‍ 3) എന്നിവടങ്ങളിലാണ് സ്റ്റേജ് ഷോ അരങ്ങേറുക.

ഹാരിസ് ജയരാജിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത ഗായകരായ ഹരിഹരന്‍, കാര്‍ത്തിക്, കെകെ, നരേഷ് അയ്യര്‍, ഹരിണി, ടിപ്പു, ചിന്മയി, ബെന്നി ദയാല്‍, ശ്വാതാ മോഹന്‍ എന്നിവരും പങ്കെടുക്കും.